വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിനും പരിസര പ്രദേശത്തിനും ഇനി നിരീക്ഷണ കാമറയുടെ സുരക്ഷ. ക്ഷേത്രനഗരത്തിന്റെ സുരക്ഷ ശക്തമാക്കാൻ കാമറകൾ സ്ഥാപിച്ചു തുടങ്ങി. നഗരത്തിൽ പല ഭാഗങ്ങളിലായി 42 ക്യാമറകളാണ് സ്ഥാപിക്കുന്നത്. സി.കെ.ആശ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 38 ലക്ഷം രൂപ വിനിയോഗിച്ചാണ് കാമറകൾ സ്ഥാപിക്കുന്നത്. കാമറകൾ പൊലീസ് സ്‌​റ്റേഷനിലെ കൺട്രോൾ യൂണീ​റ്റുമായി ബന്ധിപ്പിക്കും. ഇതിനായി പൊലീസ് സ്‌​റ്റേഷനിൽ ആധുനിക സംവിധാനങ്ങളോടെയുള്ള കൺട്രോൾ റൂം ഉടൻ സജ്ജമാക്കും. കാമറകൾ സ്ഥാപിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കാനായി ഒൻപത് കിലോമീ​റ്റർ ദൂരത്തിൽ കേമ്പിളുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പണി പൂർത്തിയാകും. കായലോര ബീച്ച്, ബോട്ട്‌ജെട്ടി, ഹോസ്പി​റ്റൽ, പ്രൈവ​റ്റ് ബസ് സ്​റ്റാൻഡ്, കൊച്ചുകവല, വലിയകവല, ലിങ്ക് റോഡ്, ദളവാക്കുളം ബസ് സ്​റ്റാൻഡ്, വൈക്കം മഹാദേവക്ഷേത്രത്തിന്റെ നാല് ഗോപുരങ്ങൾ, ചേരും ചുവട്, ടി.വി.പുരം റോഡ്, തോട്ടുവക്കത്തെ പാലങ്ങൾ, കച്ചേരികവല എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതിൽ ബീച്ച്, ബോട്ട് ജെട്ടി, പ്രൈവ​റ്റ് ബസ് സ്​റ്റാൻഡ്, ദളവാക്കുളം എന്നിവിടങ്ങളിൽ റൊട്ടേ​റ്റിങ്ങ് കാമറകളാണ് സ്ഥാപിക്കുന്നത്. പൊലീസിന്റെയും, റസിഡൻസ് അസോസിയേഷനുകളുടെയും നിരന്തരമായുള്ള ആവശ്യത്തെ തുടർന്നാണ് കാമറകൾ സ്ഥാപിക്കുന്നത്. നഗരത്തെ പൂർണ്ണമായും കാമറ നിരീക്ഷണത്തിലാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ വൈക്കം മഹാദേവക്ഷേത്രത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ കഴിയും. നഗരത്തിലൂടെയുള്ള റോഡുകൾ പൂർണമായും കാമറ നിരീക്ഷണത്തിൽ വരുന്നതോടെ മോഷണവും, സാമൂഹ്യവിരുദ്ധശല്ല്യവും ഒരു പരിധി വരെ നിയന്ത്റിക്കാൻ കഴിയും.

* കാമറ സ്ഥാപിക്കുനനതിന് 38 ലക്ഷം രൂപ എം. എൽ. എ. ഫണ്ട്

* ആകെ 42 കാമറകൾ

* വൈക്കം മഹാദേവക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കും

* നഗരം പൂർണ്ണമായും കാമറ നിരീക്ഷണത്തിൽ

* കാമറകൾ പൊലീസ് കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിക്കും