ചങ്ങനാശേരി : ചങ്ങനാശേരി-ആലപ്പുഴ എസി റോഡിനു ഇരുവശവും വെള്ളമാണെങ്കിലും ഇവിടുത്തെ നിവാസികൾക്ക് വെള്ളം കുടിക്കണമെങ്കിൽ വിലകൊടുത്തുവാങ്ങുകയോ പൊട്ടിയ പൈപ്പ് ലൈനുകളിൽ നിന്നു ശേഖരിക്കുകയോ ചെയ്യണം.പാറയ്ക്കൽ കലുങ്കിനു സമീപത്ത് ആലപ്പുഴയ്ക്കുള്ള വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലീക്കായി വരുന്ന വെള്ളമാണ് പ്രദേശവാസികളുടെ കുടിവെള്ളത്തിനുള്ള പ്രധാന ആശ്രയം. നക്രാൽ പുതുവൽ ഭാഗത്തുള്ള കുടുംബങ്ങൾ പനയാർ തോട്ടിലെ വെള്ളമാണ് കുടിക്കുന്നതിനും മറ്റു ആവശ്വങ്ങൾക്കും ഉപയോഗിക്കുന്നത്. ജാറുകളിൽ കഴുകി വൃത്തിയാക്കിയ മണൽ കത്തിച്ച ചിരട്ട എന്നിവ നിറച്ചതിനു ശേഷം വെള്ളം നിറച്ച് ജാറിന് ചെറിയ ദ്വാരം ഇട്ട് ഇതിലൂടെ പൈപ്പ് ഉപയോഗിച്ച് വെള്ളം ശേഖരിച്ചും ഉപയോഗിക്കുന്നു. ആറിലെ വെള്ളം പായലും മാലിന്യവും നിറഞ്ഞുകിടക്കുന്നു. വെള്ളത്തിനു കറുത്ത നിറമാണ്. മറ്റ് മാർഗമില്ലാത്തതിനാൽ വസ്ത്രങ്ങൾ കഴുകുന്നതിനും പാത്രം കഴുകുന്നതിനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നതിനാൽ ചൊറിച്ചിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും നിവാസികൾ പറയുന്നു. കൊതുക്, ഇഴജന്തുക്കൾ എന്നിവയുടെ ശല്യം രൂക്ഷമാണ്.
വാട്ടർ അതോറിട്ടി ടാപ്പുകളും വഴിലൈറ്റുകളും നോക്കുകുത്തികൾ
വാട്ടർ അതോറിറ്റിയുടെ അഞ്ച് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നാല് വർഷമായി ഒന്നു പോലും പ്രവർത്തിക്കുന്നില്ല. മേപ്രാജംഗ്ഷൻ പമ്പിനു സമീപം, കിടങ്ങറ പാറയ്ക്കൽ കലുങ്കിനു സമീപം എന്നിവിടങ്ങളിൽ നിന്നാണ് വെള്ളമെടുക്കുന്നത്. തലച്ചുമടായും വാഹനങ്ങളിലുമാണ് വെള്ളം എത്തിക്കുന്നത്. 100 രൂപയാണ് ഓരോ തവണ വെള്ളമെടുത്തുകൊണ്ടുവരാൻ ചിലവാകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് ഇതു ഇരുട്ടടിയായി മാറുകയാണ്. വാഹനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വെളിച്ചമാണ് ഇവിടെ ആശ്രയം. വഴിവിളക്കുകൾ പലതും കത്താറില്ല.