കോട്ടയം : ആസൂത്രണത്തിലും എൻജിനിയറിംഗ്,​ സർവെ, രൂപകല്പന, മേൽനോട്ടം എന്നിവകളിലുമുണ്ടായ വീഴ്ചകൾ മൂലം നിർമ്മാണ മേഖലയിലുണ്ടായ ദുരന്തങ്ങൾ കണക്കിലെടുത്ത് വേണം റീബിൽഡ് കേരള പദ്ധതികൾ നടപ്പാക്കാവൂയെന്ന് ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. റീബിൽഡ് കേരള പദ്ധതികൾ വിജയിക്കണമെങ്കിൽ കേരള നിർമാണ സംരംഭകരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും സർക്കാർ ഉൾക്കൊള്ളണം. ഇക്കാര്യത്തിൽ 16 ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ എല്ലാ ജില്ലകളിലും വികസന സെമിനാറുകൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി.ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തിൽ, ട്രഷറർ മനോജ് പാലത്ര, വി.എം.സലിം, കിച്ചു സേവ്യർ എന്നിവർ പങ്കെടുത്തു.