പാലാ : രാമപുരത്തെ നാലമ്പല ദർശന തീർത്ഥാടനത്തിന് ഒരുക്കങ്ങളായി. കർക്കടകം 1 മുതൽ 31വരെ ഒരു മാസക്കാലമാണ് നാലമ്പല തീർത്ഥാടനം. രാമമന്ത്രങ്ങളും രാമായണ കഥകളും കേട്ടുണരുന്ന കർക്കടക മാസത്തിന്റെ പുണ്യനാളുകളിൽ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവികാചാരമാണ് നാലമ്പല ദർശനം. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം വീണ്ടും ശ്രീരാമസ്വാമിയെ തൊഴുത് വണങ്ങുന്നതോടെയാണ് നാലമ്പല ദർശനം പൂർണ്ണമാകുന്നത്.
രാമപുരം പഞ്ചായത്തിൽ മൂന്നു കി.മീറ്റർ ചുറ്റളവിലാണ് ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. മൂവായിരത്തോളം വർഷത്തെ പഴക്കം കണക്കാക്കുന്ന ക്ഷേത്രങ്ങൾക്കുമുണ്ട് സമാനതകൾ. വിഷ്ണു സങ്കല്പത്തിലുള്ള ചതുർബാഹു വിഗ്രഹമാണ് പ്രതിഷ്ഠ. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമർപ്പണം, ലക്ഷ്മണ സ്വാമിക്ക് ചതുർബാഹു സമർപ്പണം, ഭരതസ്വാമിക്ക് ശംഖ് സമർപ്പണം, ശത്രുഘ്‌ന സ്വാമിക്ക് ശ്രീചക്ര സമർപ്പണം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. രാവിലെ മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയുമാണ് ദർശന സമയം.
നാലമ്പല ദർശന സമിതിയുടെ മേൽനോട്ടത്തിൽ തീർത്ഥാടകരെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഞായറാഴ്ച ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. തീർത്ഥാടകർക്ക് മഴ നനയാതെ വരിനിൽക്കാൻ പന്തലും, പാർക്കിംഗ് സൗകര്യങ്ങളും, ഇൻഫർമേഷൻ സെന്റർ, ഭരതസ്വാമി ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് അന്നദാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നാലമ്പല ദർശന സമിതി ഭാരവാഹികളായ ആർ.രാമൻ നമ്പൂതിരി, കെ.കെ.വിനു കൂട്ടുങ്കൽ സോമനാഥൻ നായർ അക്ഷയ , രഘു എന്നിവർ പറഞ്ഞു.