തലയോലപ്പറമ്പ് : തലയോലപ്പറമ്പ് കാഞ്ഞിരമറ്റം റോഡിൽ തലപ്പാറ മുതൽ നീർപ്പാറ വരെയുള ഭാഗത്ത് വളവ് നിവർത്തി വീതികൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. കൊടും വളവും വീതിയില്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ഗതാഗത തിരക്കേറിയ റോഡിൽ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ സുരക്ഷിതമായ മാർഗം ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. 6 കിലോമീറ്റർ ദൂരമുള്ള റോഡ് ഉന്നത നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയെങ്കിലും പല ഭാഗത്തും കുഴികൾ രൂപപ്പെട്ട് തകർന്ന നിലയിലാണ്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ വളവിൽ നിയന്ത്റണം വിട്ട് പോകുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. റോഡിലെ കൊടുംവളവുകൾ നിവർത്തണമെന്ന് പതിറ്റാണ്ടുകളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് തികഞ്ഞ നിഷ്‌ക്രിയത്വമാണ് ഇക്കാര്യത്തിൽ പുലർത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 50 ഓളം അപകടങ്ങളാണ് ഇവിടെ നടന്നത്. രണ്ട് മാസം മുൻപ് വടകര സ്വദേശിയായ കാൽനടയാത്രക്കാരി വാഹനം ഇടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇത്രയെറെ അപകടങ്ങൾ നടന്നിട്ടും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിന് പോലും അധികൃതർ തയ്യാറായിട്ടില്ല. വരിക്കാംകുന്ന് ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന മരത്തിൽ ഉയരമുള്ള വാഹനങ്ങൾ തട്ടി പലപ്പോഴും അപകടങ്ങളും ഗതാഗതകുരുക്കും പതിവാണ്. മരം മുറിച്ച് നീക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും യാതൊരു നടപടിയും അധികൃതർ കൈക്കൊണ്ടിട്ടില്ല. തലയോലപ്പറമ്പ് വൈക്കം റോഡിലെ വല്ലകം കൊടുംവളവിന്റെ സ്ഥിതിയും ഇതുതന്നെയാണ്. കൊടും വളവുകളിൽ വാഹനങ്ങൾ നേർക്ക് നേർ വരുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. കൊടും വളവിൽ അപരിചിതരായ വാഹനയാത്രികരെത്തിയാൽ അപകടം ഉറപ്പാണ്. രണ്ട് വർഷത്തിനിടെ ഇവിടെ മുപ്പതോളം അപകടങ്ങളിൽ 28 ഓളം പേർക്ക് പരിക്കേൽക്കുകയും 4 പേർ മരിക്കുകയും ചെയ്തു. ഒരു മാസം മുൻപ് ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചതാണ് ഒടുവിലത്തെ സംഭവം. വളവിന് വീതി കൂട്ടണമെന്നും ഇവിടെ അപകട സാദ്ധ്യത മേഖലയായി ബോർഡുകൾ സ്ഥാപിക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. രണ്ട് വർഷം മുൻപ് വല്ലകം വളവിൽ അപായസൂചനക്കായി സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ പോസ്റ്റ് വാഹനം ഇടിച്ച് തകർന്നു. പിന്നീട് അധികൃതർ തകർന്ന പോസ്റ്റ് റോഡരികിലെ കാനയിൽ നിക്ഷേപിച്ച് പോകുകയായിരുന്നു.
അപകടങ്ങൾക്ക് കാരണങ്ങൾ
* റോഡിന് വീതി ഇല്ലാത്തത്
* കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാൻ മാർഗം ഇല്ല
* റോഡിലെ കുഴി
* റോഡിലെക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ
*സൂചനാ ബോർഡ് ഇല്ല
* വാഹനങ്ങളുടെ അമിത വേഗത
അപകട വളവുകൾ
തലപ്പാറ മുതൽ നീർപ്പാറ വരെ ഒരു വർഷത്തിനിടെ 50 ഓളം അപകടങ്ങൾ
തലയോലപ്പറമ്പ് വൈക്കം റോഡിലെ വല്ലകം വളവ് 30 ഓളം അപകടങ്ങളിൽ 27 പേർക്ക് പരിക്കും പേർ മരിക്കുകയും ചെയ്തു.
അപകടം കുറയ്ക്കുവാൻ മാർഗങ്ങൾ
* വളവുകൾ വീതികൂട്ടി നിവർത്തുക
* സൂചന ബോർഡുകൾ സ്ഥാപിക്കുക
* അപകടാവസ്ഥായിലുള്ള മരങ്ങൾ വെട്ടി മാറ്റുക
* വാഹനങ്ങൾ വേഗത കുറക്കുക
* കാൽ നടയാത്രക്കാർക്ക് നടക്കുവാൻ സൗകര്യം ഒരുക്കുക