കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വാർഡിന് സമീപത്തെ കുറ്രിക്കാട്ടിൽ ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്നു ലഭിച്ച വസ്ത്രങ്ങളും, വളയും പൊന്നമ്മയുടെ മകളാണ് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലോട്ടറി വില്പനക്കാരിയായ പൊന്നമ്മയെ എട്ടു ദിവസമായി കാണാനില്ലായിരുന്നു. ലോട്ടറി വില്പനയ്ക്ക് ശേഷം മെഡിക്കൽ കോളേജിലെ വരാന്തയിലാണ് ഇവർ കിടന്നുറങ്ങിയിരുന്നത്. ആഴ്ചയിൽ ഒരിക്കലാണ് മല്ലപ്പള്ളിയിലുള്ള മകളുടെ വീട്ടിൽ എത്തുന്നത്. എട്ടു ദിവസമായി ഇവർ വീട്ടിൽ എത്താതെ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം മകൾ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ തിരക്കിയെത്തിയിരുന്നു. ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥർ വിവരം ഗാന്ധിനഗർ സി.ഐ അനൂപ് ജോസിനെ അറിയിച്ചു. തുടർന്നാണ് മകളെ കണ്ടെത്തിയത്. ഇന്ന് നടക്കുന്ന ഡി.എൻ.എ പരിശോധനയ്ക്ക് ശേഷമെ മൃതദേഹം പൊന്നമ്മയുടേതെന്ന് ഉറപ്പിക്കാനാകൂവെന്നാണ് പൊലീസ് നിലപാട്.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ ആശുപത്രിയിലെ അജൈവ മാലിന്യം തള്ളാനെത്തിയ ജീവനക്കാർ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റിക്കാട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയുടെ സുരക്ഷാ ചുമതലയുള്ള സാർജെന്റ് വഴി ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കിടന്ന ഭാഗത്തെ പുല്ല് കരിഞ്ഞ നിലയിലാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്‌ക്ക് മാറ്റി. ഇന്ന് നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സാദ്ധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പാർത്ഥസാരഥി പിള്ള, ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.