കോട്ടയം: രാത്രിയിലും പുലർച്ചെയുമായി നഗരത്തിൽ ലഹരിമരുന്ന് വിൽക്കാനെത്തിയ ആറു പേരെ വെസ്റ്റ് പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം രാത്രി 12 മുതൽ പുലർച്ചെ വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് അറസ്റ്റ് നടന്നത്. കഞ്ചാവ് വിൽക്കാനെത്തിയ കൊല്ലം നൂറനാട് സ്വദേശികളായ പതിയാംകയ്യത്ത് ശ്രീക്കുട്ടൻ (20), ഒറ്റപ്ലാവിങ്കൽ മാഹിൻ (21) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ രാത്രിയിൽ മാത്രം ഹാൻസ് വിൽപ്പന നടത്തിയ നിയാസ് (35) , ജിയാസ് (38), ഇബ്രാഹിം (55) , സുനീഷ് (45)എന്നിവരെയും പിടികൂടി. ആറു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
നഗരത്തിൽ രാത്രി ഒരു മണി മുതൽ പുലർച്ചെ വരെ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു വെസ്റ്റ് പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരങ്ങളിൽ നിന്നാണ് ശ്രീക്കുട്ടനെയും, മാഹിനെയും ഇരുപത് പൊതി കഞ്ചാവുമായി പിടികൂടിയത്.
നഗരത്തിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് ഹാൻസ് അടക്കമുള്ള നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെ വിൽപന വൻതോതിൽ നടക്കുന്നതായി പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഇവിടെയും പരിശോധന നടത്തി. ശീമാട്ടി റൗണ്ടാനയ്‌ക്കു സമീപത്തെ തട്ടുകയിലും, മാർക്കറ്റിലെ രണ്ട് പച്ചക്കറികടകളിലും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽ നിന്നുമാണ് പൊലീസ് അറുപത് പാക്കറ്റിലേറെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.