വൈക്കം : സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ കെ. എസ്. ആർ. ടി. സി. പെൻഷനും എല്ലാമാസവും ഒന്നാം തീയതി സർക്കാർ നേരിട്ട് നൽകണമെന്ന് കെ. എസ്. ആർ. ടി. സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റ് അർദ്ധവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. 2018 ഫെബ്രുവരി മുതൽ സഹകരണ ബാങ്ക് വഴി പെൻഷൻ വിതരണം ചെയ്തതിന് സർക്കാർ 55 കോടി രൂപ പലിശ നൽകി കഴിഞ്ഞു. ഈ അനാവശ്യ നഷ്ടം ഒഴിവാക്കുന്നതിനും യഥാസമയം പെൻഷൻ ലഭിക്കാത്തതുമൂലം പെൻഷൻകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും പെൻഷൻ സർക്കാർ നേരിട്ട് നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി കെ. ടി. പൊന്നൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. വി. ഓമനക്കുട്ടൻ, എം. കെ. പീതാംബരൻ, യൂണിറ്റ് സെക്രട്ടറി ടി.കെ.പൊന്നപ്പൻ, ട്രഷറർ ബി.രാജൻ, ജി. ഗോപകുമാർ, കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു.