തലയോലപ്പറമ്പ്: വൈക്കം മടത്തിപറമ്പിൽ രജ്ഞിത്ത് (25) തന്റെ സഹോദരന്റ ബൈക്ക് എടുക്കുന്നതിനായി എത്തിയതായിരുന്നു തട്ടാവേലിയിൽ.
ബൈക്ക് കേടായതിനെ തുടർന്ന് തട്ടാവേലി പാലത്തിന് സമീപം നിൽക്കുമ്പോഴാണ് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിത്താഴുന്നത് രജ്ഞിത്ത് കാണുന്നത്. മറ്റൊന്നും തന്നെ ആലോചിക്കാതെ രഞ്ജിത്ത് ഉടൻ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഉയർന്ന് വന്ന തേജസിന്റെ കൈകളിൽ പിടിച്ച് ആദ്യം ഉയർത്തുവാൻ രഞ്ജിത്ത് ശ്രമം നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ള തിനാൽ തന്റെ കൈകളിൽ നിന്ന് വഴുതി പോവുകയായിരുന്നെന്ന് രഞ്ജിത്ത് പറഞ്ഞു. രജ്ഞിത്തിന്റെ കൈകളിൽ നിന്ന് വഴുതി മൂവാറ്റുപുഴയാറിന്റെ ആഴങ്ങളിലേക്ക് മറയുമ്പോൾ ഒരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ് നഷ്ടപ്പെട്ടത്. മൈസൂരിൽ ജോലിയുള്ളതിനാൽ അവിടെ സ്ഥിരതാമസമായിരുന്നുവെങ്കിലും കൂടുതൽ അവധി ദിനങ്ങൾ കിട്ടുമ്പോൾ മറവൻതുരുത്തിലെ മാതൃഭവനത്തിൽ അവധിക്കാലം ചിലവഴിക്കാൻ തേജസ് എത്താറുണ്ടായിരുന്നു. ബി.ടെക്ക് പഠനത്തിന് ശേഷം അടുത്ത ദിവസം വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിന് മുമ്പ് അമ്മ വീട്ടുകാരുടെ അനുഗ്രഹം വാങ്ങാൻ കൂടിയാണ് ഇന്നലെ രാവിലെ മറവൻതുരുത്തിലെ പോത്താറ വീട്ടിൽ എത്തിയത്. അവധിക്കാലത്ത് വരുമ്പോൾ പുഴയിൽ കുളിക്കാൻ പോകുന്ന തേജസ് ഇത്തവണയും പതിവ് മുടക്കിയില്ല. തന്റെ ജീവിത ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അനുഗ്രഹം വാങ്ങാൻ എത്തിയ യുവാവിന്റെ യാത്ര അന്ത്യത്തിലേക്ക് അയിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല. ഫയർഫോഴ്‌സും പൊലീസും ചേർന്ന് നീണ്ട പരിശ്രമത്തിനൊടുവിൽ തേജസിന്റെ മൃതദേഹം കണ്ടെടുക്കുന്നത് വരെയും ജീവനോടെ ലഭിക്കണമെന്നായിരുന്നു നാട്ടുകാർക്കൊപ്പം രഞ്ജിജിത്തിന്റെയും പ്രാർത്ഥന.