കോട്ടയം: മൂന്നു സ്റ്റാൻഡുകൾ, അതിൽ നല്ലത് ഒരെണ്ണം പോലുമില്ല...അതാണ് കോട്ടയത്തിന്റെ പ്രത്യേകത! സ്റ്റാൻഡിലെ കുഴികൾ മൂലം 'നടുവൊടിയാനാണ്' യാത്രക്കാരുടെ വിധി. തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളിൽ ബസ് ഇറങ്ങുമ്പോൾ വീഴാതെ പിടിച്ചുനിൽക്കണമെങ്കിൽ യാത്രക്കാർ അൽപ്പമെങ്കിലും സാഹസികരായേ പറ്റൂ. കുഴികളിൽ ഉയർന്നു നിൽക്കുന്ന കമ്പികളിൽ തട്ടി യാത്രക്കാർ വീഴുന്നത് ഇവിടെ പതിവുസംഭവമാണ്. തിരുനക്കരയിൽ ബസ് കുഴികളിൽ കയറി ഇറങ്ങിയപ്പോൾ യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ പലഭാഗത്തും കോൺക്രീറ്റ് കമ്പികൾ ഉയർന്ന് നിൽക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. നാഗമ്പടത്ത് ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ കുഴികൾ. വ്യാപകമായ കുഴികൾ മൂലം ബസുകൾക്ക് കേടുപാടുകൾ ഉണ്ടാകാറുണ്ടെന്ന് ഡ്രൈവർമാരും പറയുന്നു. മഴ പെയ്താലാണ് ഏറെ ദുരിതം. കുഴികളിൽ വെള്ളം നിറയുന്നതിനാൽ ഇതുവഴി കടന്നുപോകാൻ ഏറെ പ്രയാസമാണ്. കുഴികൾ നികത്താൻ നടപടികളായെന്ന് അധികൃതർ പറയുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരിഭവം.

ട്രാൻ.സ്റ്റാൻഡിന്റെ കാര്യം പറയേണ്ട !

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കുഴിയില്ലാത്ത ഒരു ഭാഗം ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്നതാണ് വാസ്‌തവം. സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗം മുതൽ ഇറങ്ങിപ്പോകുന്നതുവരെ ചെറുതും വലുതുമായ നിരവധി കുഴികളാണ്. 'മഴ പെയ്താൽ വെള്ളക്കെട്ട്, വേനലായാൽ പൊടിക്കാറ്റ് ', കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെ ചുരുക്കത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം.