പാലാ: പഞ്ചാക്ഷരീ മന്ത്രങ്ങളാൽ പവിത്രീകരിക്കപ്പെട്ട ചൈതന്യ ധന്യമായ പുണ്യ മുഹൂർത്തത്തിൽ തങ്ക മുഖാവരണമണിഞ്ഞ് ഭസ്മവിഭൂഷിതനായി കടപ്പാട്ടൂരപ്പൻ ഭക്തസഹസ്രങ്ങൾക്ക് ദർശന പുണ്യമായി. കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ 59-ാം വിഗ്രഹ ദർശന വാർഷിക ഉത്സവമായിരുന്ന ഇന്നലെ തൊഴുതു നേർച്ച കാഴ്ചകളർപ്പിക്കാൻ പതിനായിരക്കണക്കിന് ഭക്തരാണെത്തിയത്. പുലർച്ചെ 6 മുതൽ ധാരാ നാമ ജപം തുടങ്ങി. ഭഗവാന് ചാർത്താനുള്ള തങ്ക മുഖഗോളകയും, തൃക്കൈ ഗോളഗകളും പ്രവീൺ രാജു എന്ന ഭക്തൻ രാവിലെ നടയിൽ സമർപ്പിച്ചു.
9 മുതൽ പിറന്നാൾ സദ്യ വിളമ്പിത്തുടങ്ങി. 501 പറ അരിയുടെ ചോറ്, കൂട്ടുകറി, തോരൻ, പപ്പടം, അച്ചാർ, സാമ്പാർ, കാളൻ, രസം, സംഭാരം എന്നിവയായിരുന്നൂ സദ്യവട്ടം. ഉച്ചതിരിഞ്ഞ് 2 മണിയോടെ തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്തു. വിഗ്രഹം കണ്ട സമയമായ 2.30നുളള വിശേഷാൽ ദീപാരാധനയ്ക്കായി 2.10 ഓടെ നട അടച്ചു. 2.30ന് നട തുറന്നപ്പോൾ ഭസ്മവിഭൂഷിതനായ കടപ്പാട്ടുരപ്പനെ ഒരു നോക്കു കാണാൻ ആയിരക്കണക്കിനു ഭക്തർ ഒന്നായെത്തി. അവധി ദിവസവും തെളിഞ്ഞ കാലാവസ്ഥയുമായിരുന്നതിനാൽ ഇത്തവണ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണുണ്ടായത്. ദീപാരാധനയ്ക്ക് ശേഷം കട്ടിപ്പായസം വിതരണം ചെയ്തു . മരം വെട്ടി ഭഗവാനെ കാണിച്ചു തന്ന മഠത്തിൽ പാച്ചു നായർ ദിവംഗതനായ ശേഷമുള്ള ആദ്യ വിഗ്രഹ ദർശന ഉത്സവമാണ് ഇന്നലെ നടന്നത്.ദേവസ്വം ഭാരവാഹികളായ സി.പി. ചന്ദ്രൻ നായർ, എസ്. ഡി. സുരേന്ദ്രൻ നായർ, വി.ഗോപിനാഥൻ നായർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.