p

പാലാ: പാച്ചുനായരുടെ ഓർമ്മകളിൽ തേങ്ങി കടപ്പാട്ടൂരിലെത്തിയ ഭക്തജനഹൃദയം. ഭഗവദ് വിഗ്രഹ ലബ്ധിക്കു കാരണ ഭൂതനായ കടപ്പാട്ടൂർ മഠത്തിൽ പാച്ചുനായർ രണ്ട് മാസം മുമ്പാണ് ഇഹലോകവാസം വെടിഞ്ഞത്. കഴിഞ്ഞ വർഷം വരെ ഭഗവാന്റെ പിറന്നാൾ ദിനത്തിൽ പാച്ചുനായർ മുഴുവൻ സമയവും ക്ഷേത്രത്തിൽ 'ഓം നമ:ശിവായ ' മന്ത്രവുമുരുവിട്ട് ചിലവഴിക്കുമായിരുന്നു. വിശേഷാൽ ദീപാരാധനയ്ക്കു ശേഷം കടപ്പാട്ടൂർ ദേവസ്വം പാച്ചുനായർക്ക് ദക്ഷിണയും കോടി മുണ്ടും നൽകി ആദരിക്കുന്ന പതിവുമുണ്ടായിരുന്നു.

ഇന്നലെ വിശേഷാൽ ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി ദേവസ്വം ഓഫീസിൽ പാച്ചുനായരുടെ ഛായ ചിത്രമെടുത്ത് ഒരു നിമിഷം പ്രാർത്ഥനാ നിരതരായി നിന്ന ശേഷമാണ് ദേവസ്വം ഭാരവാഹികളായ സി.പി. ചന്ദ്രൻ നായരും, കയ്യൂർ സുരേന്ദ്രൻ നായരും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നത്.

വൈകിട്ട് ചേർന്ന സംസ്‌ക്കാരിക സമ്മേളനത്തിൽ പാച്ചുനായരുടെ ഛായാചിത്രം ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, വൈക്കം വിജയലക്ഷ്മി, ഡോ.ദീപ. ജി.നായർ, കയ്യൂർ സുരേന്ദ്രൻ നായർ, വി. ഗോപിനാഥൻ നായർ, നിവേദിത ബി.നായർ തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാസാഗർ ഗുരുമൂർത്തി പ്രഭാഷണം നടത്തി. വയലിൻ സോളോ, ചെണ്ടമേളം, കിടങ്ങൂർ ബാലകൃഷ്ണപ്പണിക്കരുടെ നാദസ്വരക്കച്ചേരി എന്നിവയുമുണ്ടായിരുന്നു.