പാലാ: ഏഴാച്ചേരി -കൊല്ലപ്പിള്ളി റൂട്ടിൽ ഏഴാച്ചേരി ബാങ്ക് ജംഗ്ഷനടുത്തുള്ള അപകട സ്ഥിതിയിലുള്ള ചീങ്കല്ലേൽ കീപ്പാറ വളവിൽ റോഡും തോടും അതിരിടുന്നിടത്ത് ഉടൻ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് രാമപുരം പഞ്ചായത്ത് മെമ്പർമാരായ ഷൈനി സന്തോഷ്, സോണി ജോണി, എം.ഒ.ശ്രീക്കുട്ടൻ എന്നിവർ ആവശ്യപ്പെട്ടു. റോഡിന്റെ അപകട സ്ഥിതിയെപ്പറ്റി 'ഇവിടെ കണ്ണൊന്നു പാളിയാൽ കഥ കഴിഞ്ഞതു തന്നെ ' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരള കൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വലിയ ദുരന്തം ഉണ്ടാകാൻ കാത്തു നിൽക്കാതെ പി.ഡബ്ല്യൂ.ഡി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മെമ്പർമാർ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്നും മെമ്പർമാർ പറഞ്ഞു.

ഏഴാച്ചേരി സ്റ്റോണേജ് ക്ലബ്ബ് കർഷകദളം പ്രസിഡന്റ് കെ.ജി. ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സതീഷ് താഴത്തുരുത്തിയിൽ, സനൽകുമാർ ചീങ്കല്ലേൽ, പി. എസ്. ശശിധരൻ പുലിതൂക്കിൽ തുടങ്ങിയവർ സംസാരിച്ചു. അടുത്ത രാമപുരം പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും റോഡിന്റെ അപകടകരമായ സ്ഥിതിവിശേഷം ഉന്നയിക്കുന്നുണ്ടെന്നും മെമ്പർമാർ പറഞ്ഞു.