saji-

കോട്ടയം: അണ്ണാൻകുഞ്ഞിനും തന്നാലായത് എന്നു പറഞ്ഞതുപോലെയാണ് സജി. സൈക്കിളിലേ സഞ്ചരിക്കൂ, അതാണ് അന്തരീക്ഷ മലിനീകരണത്തിന് എതിരെ പരിപ്പ് സ്വദേശിയും നാൽപ്പത്തഞ്ചുകാരനുമായ സജി ജോസഫിന്റെ തന്നാലാവും വിധമുള്ള പ്രതിരോധം . വെള്ളത്തൊപ്പിയും വെള്ളവസ്ത്രവും ധരിച്ച്, പ്രകൃതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, അന്തരീക്ഷ മലിനീകരണം തടയുക തുടങ്ങിയ സന്ദേശങ്ങളും എഴുതി തൂക്കിയ സൈക്കിളിൽ ഇയാൾ സഞ്ചരിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമായി.


ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേട്ട ഒരു പ്രസംഗമാണ് പ്രകൃതിയ്ക്കൊപ്പം നിൽക്കാൻ സജിയ്ക്ക് പ്രേരണായത്. ആദ്യം ചെയ്തത് അതുവരെ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ വില്ക്കുകയായിരുന്നു. പകരം സൈക്കിൾ വാങ്ങി. പിന്നീടുള്ള യാത്രകളെല്ലാം സൈക്കിളിലായിരുന്നു. മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും മാതൃക കാട്ടുകയുമാണ് സൈക്കിൾ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് സജി പറയുന്നു. ദിവസവും ജോലിക്കു പോയി മടങ്ങുന്നതും സൈക്കിളിലാണ്. 25 കിലോമീറ്റർ പ്രതിദിന യാത്രയുണ്ട്. അടുത്തിടെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പ്രകൃതി സംരക്ഷണ ബോധവത്ക്കരണവുമായി സഞ്ചരിച്ചു. അന്തരീക്ഷ മലിനികരണത്തിനെതിരായ ലഘുലേഖകൾ യാത്രയിലുടനീളം വിതരണം ചെയ്തിരുന്നു. സ്‌കൂളുകൾ തോറും പ്രകൃതി സംരക്ഷണ ബോധവത്ക്കരണ പരിപാടികളും നടത്താറുണ്ട്.

സൈക്കിൾ ഒരാൾക്ക് മാത്രം സഞ്ചരിക്കാനുള്ള വാഹനമായതിനാൽ ഒാവർലോഡ് വെണ്ടെന്ന തീരുമാനത്തിലാണ് സജി. വിവാഹം കഴിച്ചിട്ടില്ല!