കോട്ടയം: കാനഡയിലേക്ക് തൊഴിൽ വിസ വാഗ്ദാനംചെയ്ത് പണം തട്ടിയശേഷം ഒളിവിൽ പോയെന്ന് ആരോപിച്ച് ദമ്പതികൾക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി. കറുകച്ചാൽ അഞ്ചാനി ഇടയിരിക്കപുഴ സ്വദേശികളായ രണ്ട് ദമ്പതികൾക്കെതിരെയാണ് കണ്ണൂർ മട്ടന്നൂർ കുഞ്ഞിപ്പറമ്പത്ത് ശ്രീജിത്ത് അലോറ കോട്ടയത്ത് എത്തി പരാതി നൽകിയത്.

എറണാകുളം രവിപുരത്ത് ആരംഭിച്ച ട്രാവൽ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയശേഷം സ്ഥാപനം പൂട്ടി ദമ്പതികൾ നാടുവിട്ടെന്നാണ് പരാതി. അഞ്ചാനി സ്വദേശികളായ രണ്ട് പുരുഷന്മാരും അവരുടെ ഭാര്യമാരും തൃശൂർ സ്വദേശിയായ ഒരു ഏജന്റും ചേർന്ന് 16 പേരിൽ നിന്ന് 2 ലക്ഷംരൂപ വീതം വാങ്ങി. കാനഡയിലേക്ക് തൊഴിൽ വിസ ലഭിക്കാൻ 3 ലക്ഷംരൂപ വീതമാണ് ഓരോരുത്തരിൽ നിന്നും ആവശ്യപ്പെട്ടത്. വിസ നൽകാമെന്ന് മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട ഉറപ്പിനൊപ്പം പണം കൈപ്പറ്റിയതിനുള്ള രേഖയും നൽകിയിരുന്നു. ഇതിൽ വിശ്വസിച്ചാണ് രണ്ടുഗഡുക്കളായി പണം നൽകിയത്. പറഞ്ഞ കാലാവധി കഴിഞ്ഞും വിസ കിട്ടാതായതോടെ പണം തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയതായി അറിയുന്നത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പർട്ടിക്കാരൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ പ്രശ്നത്തിൽ ഇടപെട്ടു. പിന്നീട് ഇവരുടെ താമസ സ്ഥലം തേടിപ്പിടിച്ച് വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോൾ മദ്ധ്യസ്ഥ ചർച്ചയ്ക്ക് എന്നപേരിൽ മാവേരിക്കരയിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്ന് മർദ്ദിച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാവേലിക്കര മജിസ്ട്രേറ്റ് കോടതിയിൽ നടന്നുവരികായണ്. അതിനുപുറമെ എറണാകുളും സൗത്ത് പൊലീസിലും പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും പ്രതികൾക്കെതിരെ തട്ടിപ്പുകേസുകളുണ്ട്.