തലയോലപ്പറമ്പ് : ബസ് സ്റ്റോപ്പിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് മൂലം ബസ് കാത്തിരുപ്പുകാർ ഉൾപ്പടെയുള്ളവർ ദുരിതത്തിൽ. പള്ളിക്കവല ഏ.ജെ.ജോൺ ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പിലാണ് ആഴ്ചകളായി വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്നത് മൂലം ജനം ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനടയാത്രക്കാരുടെയും ബസ് കാത്തുനിൽക്കുന്നവരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. സ്റ്റോപ്പിൽ ബസ് നിർത്തുമ്പോൾ ഈ ചെളിവെള്ളത്തിൽ ചവിട്ടിയാണ് യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി രണ്ട് മാസം മുൻപ് സ്ഥാപിച്ച പൈപ്പ് ലൈൻ ജോയിന്റ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.