ഏറ്റുമാനൂർ: നൂറ് മേനി വിളവെടുത്ത് ലാഭം വീതിച്ചെടുക്കാൻ മത്സരിക്കുന്ന നാട്ടിൽ കാരുണ്യപ്രവർത്തനത്തിനായി കൃഷിചെയ്ത് മാതൃകയാകുകയാണ് ഏറ്റുമാനൂരിൽ ഒരു കൂട്ടം ചെറുപ്പക്കാർ. ഏറ്റുമാനൂർ ക്ലാമാറ്റം തനിമ പുരുഷ സഹായ സംഘമാണ് കൃഷി ചെയ്ത് കിട്ടുന്ന പണം നാട്ടിലെ രോഗികളുടെ ചികിത്സാ ചിലവിനായി മാറ്റി വയ്ക്കാൻ തീരുമാനിച്ച് മൺവെട്ടിയും,തൂമ്പയുമെടുത്തത്..
നാട്ടിലെ ഒരേക്കർ വരുന്ന കൃഷിയിടത്തിൽ കപ്പ നട്ടുകൊണ്ടാണ് ഇവരുടെ തുടക്കം. കപ്പ വിളവെടുത്ത് കിട്ടുന്ന പണം നാട്ടിൽ മാരക രോഗങ്ങളാൽ വിഷമിക്കുന്ന രോഗികൾക്ക് സംഭാവന നൽകാനാണ് സംഘത്തിന്റെ തീരുമാനം. ഇന്നലെ നടന്ന കപ്പ നടീൽ കർമ്മം ക്ലാമറ്റത്തെ മുതിർന്ന കർഷകനും, സംഘത്തിന്റെഉപദേഷ്ടാവുമായ മോഹനൻ വള്ളോമ്പ്ര നിർവ്വഹിച്ചു..
കപ്പകൃഷി കൂടാതെ വാഴ,പയർ, പടവലം,നെൽകൃഷി, തുടങ്ങിയവയെല്ലാം ഘട്ടം ഘട്ടമായി കൃഷിചെയ്ത് തുടങ്ങാനാണ് ഇവരുടെ തീരുമാനം.
നാട്ടിലെ ഇരുപതോളം ചെറുപ്പക്കാർ ചേർന്ന് അഞ്ച് മാസങ്ങൾക്ക് മുൻപാണ് തനിമ എന്ന പേരിൽ പുരുഷ സഹായസംഘം ആരംഭിച്ചത്.. ചുരുങ്ങിയ ഈ കാലയളവ് കൊണ്ട് ചികിത്സാധനസഹായം,പഠനോപകരണ വിതരണംതുടങ്ങി. വിവിധതരം സഹായ പദ്ധതികൾ സംഘം നടത്തി. ഒഴിവ് സമയങ്ങൾ പാഴാക്കാതെ മണ്ണിൽ പണിയെടുത്ത് മണ്ണിനെ അറിയുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം കൃഷി ജോലികളിലെയ്ക്ക് തിരിഞ്ഞതെന്ന് സംഘം പ്രസിഡന്റ് രഞ്ചിത്ത് തങ്കപ്പനും,സെക്രട്ടറി പി..കെ രാജേഷും പറയുന്നു.