കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം തലയ്‌ക്കേറ്റ മുറിവിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഭാരമേറിയ വസ്തു ഉപയോഗിച്ച് ഇടിച്ചപ്പോഴോ, മറിഞ്ഞ് വീണപ്പോഴോ ഉണ്ടായതിന് സമാനമായ പരിക്കാണ് തലയിൽ കാണപ്പെട്ടത്.

തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യുടെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാൻസർ വാർഡിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ലോട്ടറി വിൽപ്പന നടത്തുന്ന പൊന്നമ്മയെ എട്ടുദിവസമായി കാണാനില്ലെന്ന് മകൾ സൗമ്യ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ജീർണിച്ച് തുടങ്ങിയതിനാൽ ആളെ തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. വസ്ത്രങ്ങളും ഇമിറ്റേഷൻ ആഭരണങ്ങളും പരിശോധിച്ചതിൽ മരിച്ചത് പൊന്നമ്മയാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കുകയായിരുന്നു. വ്യക്തതയ്ക്കുവേണ്ടി ഇന്ന് ഫൊറൻസിക് പരിശോധന നടത്തും.
പണം തട്ടിയെടുക്കുന്നതിനുവേണ്ടി തന്ത്രപൂർവം ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ, രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
പണത്തെച്ചൊല്ലി പൊന്നമ്മയും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് അലഞ്ഞ് നടക്കുന്ന ഒരാളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
പൊന്നമ്മയുടെ ശരീരത്തിൽ സ്വർണാഭരണങ്ങളും കൈയിൽ പണവും ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നതായി മകൾ മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് വിവിധ സ്ഥലങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.