പാറത്തോട്: ദേശീയ പാതയിൽ ഓട്ടോയും പിക് അപ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മുണ്ടക്കയം, വണ്ടൻപതാൽ, പുളിക്കചിറയിൽ സണ്ണിയെ (56) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മകൾ സോണിയ (33), മരുമകൻ ടി.ജി.അജി (37), ഇവരുടെ മകൻ സെബിൻ (10) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാറത്തോട്ടിൽ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. ഇരുപത്തിയാറാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയേയും മകളേയും കാണാനായി മുണ്ടക്കയത്തു നിന്നും ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ അമിത വേഗതയിലെത്തിയ പിക് അപ്പ് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സണ്ണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മൂന്നു വർഷം മുൻപ് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച മാദ്ധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ പിതാവാണ് സണ്ണി.