കോട്ടയം: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യതയെ പരിഹസിക്കാത പി.എസ്.സിയുടെ പ്രവർത്തനം സുതാര്യമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആവശ്യപ്പെട്ടു. മത്സരപരീക്ഷകളിൽ കഠിനാധ്വാനം ചെയ്തു പങ്കെടുക്കുന്നത് പബ്ലിക് സർവീസ് കമ്മീഷനോടുള്ള വിശ്വാസ്യത ഒന്നുകൊണ്ടുമാത്രമാണ്. ഭരണകക്ഷിയുടെ തിട്ടൂരമനുസരിച്ച് ചലിക്കുന്ന കളിപ്പാവയായി പി.എസ്.സി മാറിയത് ആശങ്കാജനകമാണ്. കേരളത്തിന്റെ ആഭ്യന്തരസുരക്ഷ നിയന്ത്രിക്കുന്ന പൊലീസ് സേനയുടെ തിരഞ്ഞെടുപ്പിൽ പോലും സംശയാസ്പദമായ രീതിയാണ് പി.എസ്.സി അവലംബിച്ചിരിക്കുന്നത്. കലാലയങ്ങളിൽ ഗുണ്ടാപ്പണിക്ക് നേതൃത്വം കൊടുക്കുന്ന എസ്.എഫ്.ഐ കാർക്ക് റാങ്ക് ലിസ്റ്റിൽ ഉയർന്ന സ്ഥാനവും അത് വഴി ജോലിയും നേടാൻ ഒത്താശ ചെയ്തു കൊടുത്തത് ഭരണമുന്നണിയുടെ അറിവോടുകൂടിയുള്ള അവിഹിത ഇടപെടലാണെന്ന് വ്യക്തമാണ്. പി.എസ്.സി നടത്തിയ ഈ പരീക്ഷയും നടപടിക്രമങ്ങളും ജുഡീഷ്യൽ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കണം. ഇത്തരം പ്രവണതകൾ മുളയിലേ നുള്ളി ശക്തമായ നടപടി സ്വീകരിക്കുവാൻ സർക്കാരും പി.എസ്.സിയും തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് യൂത്ത് ഫ്രണ്ട് മുന്നിട്ടിറങ്ങുമെന്നും സാജൻ മുന്നറിയിപ്പ് നൽകി.