കോട്ടയം: പഴമയുടെയും കാർഷിക സമൃദ്ധിയുടെയും ഓർമ പുതുക്കി സംക്രാന്തി വാണിഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. കർക്കടകം ഒന്നിന്റെ തലേദിവസമാണ് സംക്രാന്തി വാണിഭം നടക്കുന്നത്. ഈ വർഷത്തെ ചടങ്ങുകൾ നാളെ സംക്രാന്തി വിളക്കമ്പലത്തിൽ ആചാരപരമായി നടക്കും. രാവിലെ 6 ന് ഗണപതിഹോമം ഭഗവതിസേവ എന്നിവയ്ക്ക് ശേഷം 9 ന് കുമാരനല്ലൂർ ദേവസ്വം ഭരണാധികാരി സി.എൻ. ശങ്കരൻ നമ്പൂതിരി സംക്രമ ദീപം തെളിക്കും. 11.30 നു മഹാപ്രസാദമൂട്ട്, വൈകിട്ട് 6 ന് നാമസങ്കീർത്തനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. കുട്ട, വട്ടി, മുറം, മൺചട്ടി,ചൂല്, പായ, പനമ്പ്, കോടാലിക്കൈ, തൂമ്പാക്കൈ, ഗൃഹോപകരണങ്ങൾ, കാർഷികവിളകൾ, കൃഷിപ്പണി ആയുധങ്ങൾ തുടങ്ങി നാടൻ ഉൽപ്പന്നങ്ങളുടെ ഏകദിന വിപണിയാണ് സംക്രാന്തി വാണിഭത്തിന്റെ പ്രധാന ആകർഷണം. ഇതിനുശേഷം പാക്കിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ കർക്കടകം ഒന്നുമുതൽ ഒരുമാസം നീണ്ടുനിൽക്കുന്ന സംക്രമ വാണിഭവും നടക്കും. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാർക്ക് ക്ഷേത്രപരിസരത്ത് താമസിച്ച് കുട്ടയും മുറവും വിൽക്കാൻ പരശുരാമൻ നൽകിയ അവകാശത്തിന്റെ പിന്തുടർച്ചയാണ് പാക്കിൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സംക്രമവാണിഭം. പാക്കനാർ പരമ്പരയിലെ പിന്മുറക്കാരും മേളയിൽ പങ്കെടുക്കാറുണ്ട്.