പാലാ : ജീവിത തടസങ്ങൾ മാറാൻ ആൽത്തറ രാജരാജ ഗണപതിക്ക് നാളികേരമുടയ്ക്കണം. അത് പ്രതിഷ്ഠാദിന ഉത്സവനാളിലായാൽ കൂടുതൽ ഫലമെന്നാണ് വിശ്വാസം. ഇന്നലെ പാലാ നഗര മദ്ധ്യത്തിൽ ആൽത്തറയിൽ കുടികൊള്ളുന്ന രാജഗണപതിയുടെ പിറന്നാളായിരുന്നു. തുമ്പിക്കൈ ഭഗവാന് മുന്നിൽ ദീപാരാധന വേളയിൽ ഭക്തർ എറിഞ്ഞുടച്ചത് ആയിരത്തോളം നാളികേരങ്ങളാണ്.
തുമ്പിക്കൈയും തിരുനെറ്റിയും അണിഞ്ഞിരുന്ന കോടി വസ്ത്രങ്ങൾ തേങ്ങാ വെള്ളത്താൽ നിറഞ്ഞു. ശ്രീകോവിലിലെ ഗർഭഗൃഹത്തിലല്ല, ഭക്തരുടെ ഒരു കൈപ്പാടകലം മാത്രമാണ് പ്രതിഷ്ഠ. പൂജാരി വേണമെന്നില്ല, ശുദ്ധവൃത്തിയോടെ എത്തുന്ന ഏതൊരു ഭക്തനും രാജഗണപതിക്ക് പൂമാല ചാർത്താം, വിളക്ക് തെളിയിക്കാം, ചന്ദനം ചാർത്താം. ഇന്നലത്തെ ത്രിസന്ധ്യയിൽ നെയ് വിളക്കുകളാൽ നിറഞ്ഞിരുന്നു ശ്രീലകം. പ്രാർത്ഥനാമന്ത്രങ്ങളുമായി നിരവധി ഭക്തരാണ് ദിവ്യരൂപം ദർശിക്കാനെത്തിയത്. ളാലം മഹാദേവ ക്ഷേത്രത്തിലെ ഉപദേവാലയമായ ആൽത്തറ രാജ രാജ ഗണപതി ക്ഷേത്രം ടി.ബി. റോഡ് സൈഡിൽ അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.