കോട്ടയം: ശ്രീനാരായണവൈദിക സമിതി കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ നടന്നുവരുന്ന രണ്ടുദിവസത്തെ വൈദീക പഠനശിബിരം ഇന്ന് സമാപിക്കും. പുരോഹിതർക്ക് തുടർപഠനവും പൂജാ സമ്പ്രദായങ്ങളുടെ ഏകീകരണവും ഉൾപ്പെടെ ലക്ഷ്യംവച്ചാണ് ശിബിരം സംഘടിപ്പിക്കുന്നത്. രണ്ടാം ദിവസമായ ഇന്ന് രാവിലെ 5.30ന് കോത്തല വിശ്വനാഥൻ തന്ത്രിയുടെ കാർമികത്വത്തിൽ ഗുരുപൂജ, 5.45ന് പങ്ങട സജി തന്ത്രിയുടെ കാർമികത്വത്തിൽ ശാന്തിഹവനം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം 7ന് വേദാചാര്യൻ ടി.എസ്. പരമേശ്വരൻ (വേദജപം), 9.45ന് നാരായണ ഭട്ടതിരി (പൂജാപഠനം), ഉച്ചക്ക് 2ന് ശിവബോധാനന്ദ സ്വാമി (ഗുരുദേവ കൃതികളുടെ പരിചയം) എന്നിവർ ക്ലാസ് നയിക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, ശ്രീനാരായണ വൈദീക സമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ലാലൻ തന്ത്രി, സെക്രട്ടറി ശെൽവരാജ് ശാന്തി, ജില്ല പ്രസിഡന്റ് ഉഷേന്ദ്രൻ തന്ത്രി തുടങ്ങിയവർ പങ്കെടുക്കും.