ഏറ്റുമാനൂർ: സ്റ്റേഷനിൽ എത്തിയപ്പോൾ വേഗത കുറച്ച ട്രെയിനിൽ നിന്ന്
പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. അപകടം കണ്ട കൂട്ടുകാരി കുഴഞ്ഞു വീണു. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ലോക് മാന്യതിലക് കൊച്ചുവേളി എക്‌സ് പ്രസിൽ യാത്രക്കാരായിരുന്ന പാലക്കാട് മണ്ണാർക്കാട് തൊണ്ടുതറ അഷ്മ ടി. ജോഷി (18)യ്ക്കാണ് പരിക്കേറ്റത്. കണ്ണുർ മമ്പറം സംസം വീട്ടിൽ ഐഷ (18) യാണ് കുഴഞ്ഞുവീണത്.

പാലായിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളാണ് ഇരുവരും.
പാലായിൽ എളുപ്പത്തിൽ എത്തുന്നതിന് ഏറ്റുമാനൂരിൽ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടാത്. ഇറങ്ങുന്നതിനിടയിൽ പ്ലാറ്റ്ഫോമിൽ തലയിടിച്ച് വീണ് അഷ്മ ബോധരഹിതയായി. ഇത് കണ്ടാണ് കൂട്ടുകാരിയും ബോധംകെട്ടുവീണത്.
മറ്റു യാത്രക്കാർ ചേർന്ന് ഇതേ ട്രെയിനിൽ നിന്നും ഇറങ്ങിയ ആനമല സ്വദേശിയുടെ കാറിൽ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രധാന സ്റ്റേഷൻ കെട്ടിടത്തിന്റെ 150 മീറ്റർ അകലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ്
സംഭവമുണ്ടായത്.

ചാടിയിറങ്ങാൻ ശ്രമിക്കരുത്

നിർത്തും മുൻപ് ഒരു വാഹനത്തിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ട്രെയിനിൽ നിന്ന്. മുന്നോട്ടു നീങ്ങുന്ന വാഹനത്തിൽ നിന്ന്

പൊടുന്നനെ ചാടിയിറങ്ങുമ്പോൾ സ്വാഭാവികമായും പിന്നോട്ട് ആയും. ഇതു വീഴാനിട വരുത്തും. അതേസമയം ഇറങ്ങുന്നതിനൊപ്പം അൽപ്പദൂരം മുന്നോട്ട് ഒാടിയിട്ട് നിൽക്കാൻ ശ്രമിച്ചാൽ വീഴ്ച ഒഴിവാക്കാം. എന്നാൽ ഇതും ശീലമുണ്ടെങ്കിൽ മാത്രമേ സാദ്ധ്യമാവൂ. ട്രെയിനിൽ നിന്ന് ചാടിയിറങ്ങവെ പ്ളാറ്റ് ഫോമിൽ നിന്ന് പാളത്തിലേയ്ക്ക് തെന്നിയാലുള്ള അപകടം പറയേണ്ടല്ലോ. ഒാർക്കുക: ബെറ്റർ ലേറ്റ്, ദാൻ ബി ലേറ്റ്