പത്തു പവനും 40,000 രൂപയും കാണാനില്ല
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അങ്കമത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ പൊന്നമ്മയെ കൊലപ്പെടുത്തിയതാണെന്ന് സൂചന. സ്വർണവും പണവും അപഹരിക്കാനാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊന്നമ്മയോടൊപ്പം കുറെനാൾ കഴിഞ്ഞിരുന്നയാളെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ലോട്ടറി വിറ്റു വന്നിരുന്ന തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറെപ്പറമ്പിൽ പൊന്നമ്മയുടെ (55) മൃതദേഹമാണ് കഴിഞ്ഞദിവസം ആശുപത്രിക്ക് സമീപം കാണപ്പെട്ടത്. 18 വർഷം മുമ്പ് പൊന്നമ്മയുടെ മകൻ സന്തോഷിനെ കാണാതായി. ഇതോടെ സമനില തെറ്റി അലഞ്ഞുനടക്കുകയായിരുന്നു. അവസാനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭയം തേടിയ പൊന്നമ്മ ലോട്ടറി വിറ്റാണ് കഴിഞ്ഞിരുന്നത്. രാത്രിയിൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടിരുപ്പുകാരോടെപ്പം വരാന്തയിൽ കിടന്നുറങ്ങി. ഇതിനിടയിൽ പൊന്നമ്മയൊടൊപ്പം ഒരാൾ കൂടി. ഇയാളുടെ ശല്യം സഹിക്കവയ്യാതെ വീണ്ടും ആശുപത്രി വരാന്തയിൽ തന്നെ ശരണം തേടി.
പൊന്നമ്മയുടെ കൈയിൽ പത്ത് പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും ഉണ്ടായിരുന്നതായി മകൾ സന്ധ്യ പറയുന്നു. ഇത് തട്ടിയെടുക്കാനാവും കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഒരു തുണിയിൽ കെട്ടിയാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. ഈ പണം മൃതദേഹത്തോടൊപ്പം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് പൊലീസിനും സംശയമായത്. കഴിഞ്ഞ മൂന്നാം തീയതി കാണുമ്പോൾ അമ്മയുടെ കൈയ്യിൽ 3 സ്വർണ മാലകളും മോതിരവും ചെയിനും കയ്യിൽ ഉണ്ടായിരുന്നതായി സന്ധ്യ പൊലീസിൽ മൊഴി നല്കിയിട്ടുണ്ട്. മിക്ക ദിവസങ്ങളിലും അമ്മ വിളിക്കാറുണ്ടായിരുന്നുവെന്ന് സന്ധ്യ പറയുന്നു.
പൊന്നമ്മയുടെ സാരി കണ്ടാണ് മൃതദേഹം മകൾ തിരിച്ചറിഞ്ഞത്.
പൊന്നമ്മ തന്നെയാണോ മരിച്ചതെന്ന് ഉറപ്പുവരുത്താനായി സന്ധ്യയുടെ രക്തസാമ്പിൽ ഡി.എൻ.എ ടെസ്റ്റിനായി ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
തലയിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം കിടന്നിരുന്നത് രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു.