പാലാ : ഭർത്താവ് നടത്തുന്ന കടയ്ക്ക് കുടുംബകലഹത്തെ തുടർന്ന് പട്ടാപ്പകൽ ഭാര്യ തീയിട്ടു. എന്നിട്ടും കലിയടങ്ങാതെ വാഹനം തകർത്തു. കഴിഞ്ഞദിവസം രാമപുരത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാമപുരം ടൗണിൽ കുത്താട്ടുകുളം സ്വദേശി നടത്തുന്ന കോൾഡ് സ്റ്റോറേജിനാണ് ഇയാളുടെ ഭാര്യ തീയിട്ടത്. അഞ്ച് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒരു മുറിയിലാണ് കോൾഡ് സ്റ്റോറേജ് പ്രവർത്തിക്കുന്നത്. ഭർത്താവ് പുറത്തുപോയ തക്കം നോക്കിയാണ് യുവതി വസ്ത്രങ്ങളും പേപ്പറുകളും കൂട്ടിയിട്ട് കടയ്ക്കുള്ളിൽ തീയിട്ടത്. പുക ഉയരുന്നത് കണ്ടാണ് മറ്റ് വ്യാപാരികൾ സംഭവം അറിഞ്ഞത്. ഉടൻ തീയണച്ചതിനാൽ മറ്റ് സ്ഥാപനങ്ങളിലേക്ക് പടർന്നില്ല. കടയ്ക്ക് തീയിട്ടിട്ടും യുവതിക്ക് ഭർത്താവിനോടുള്ള കലിയടങ്ങിയില്ല.

സമീപം നിറുത്തിയിട്ടിരുന്ന ഭർത്താവിന്റെ ഒമ്നി വാനും യുവതി അടച്ചുതകർത്തു. വാഹനം അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൾ പ്രചരിക്കുന്നുണ്ട്. രാമപുരം പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവരം അറിഞ്ഞിട്ടും പൊലീസ് സ്ഥലത്ത് എത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം സംഭവത്തിൽ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.