coirr

കോട്ടയം: സംസ്ഥാനത്തെ കയർമേഖലയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വകാര്യ സംരംഭകരുടെ ഇടപെടീലിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള ചകിരി വരവ് ഗണ്യമായി കുറഞ്ഞതാണ് കയർ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. പ്രധാനമായും പൊള്ളാച്ചിയിൽ നിന്നാണ് കേരളത്തിലേയ്ക്ക് ചകിരി എത്തിക്കുന്നത്. പ്രതിദിനം 240 ടൺ ചകിരിയാണ് ഇത്തരത്തിൽ സംസ്ഥാനത്ത് എത്തുന്നത്. എന്നാൽ ഇപ്പോൾ 50 ടൺ മാത്രമാണ് കയറ്റിവിടുന്നത്. തമിഴ്നാട്ടിലെ സ്വകാര്യ സംരംഭകർ കയർ ഉത്പാദന യൂണിറ്റുകൾ ആരംഭിച്ചതും വെല്ലുവിളി ഉയർത്തുന്നുണ്ട്. പൊള്ളാച്ചിയിലെ ചകിരി വ്യവസായ കേന്ദ്രത്തിൽ നിന്ന് തമിഴ്നാട്ടിലെ സ്വകാര്യ സംരംഭകർ നടത്തുന്ന കയർ ഉത്പാദന യൂണിറ്റുകളിലേക്ക് ചകിരി വൻതോതിൽ മാറ്റുകയാണ്.

കേരളത്തിൽ പ്രധാനമായും വൈക്കം, ചേർത്തല മേഖലകളിലാണ് കയർ ഉത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. വടക്കൻ കേരളത്തിലും ഇപ്പോൾ യൂണിറ്റുകൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ചകിരി ക്ഷാമം പരിഹരിക്കാൻ സമീപകാലത്ത് വൈക്കത്തെയും ചേർത്തലയിലേയും കയർ സംഘങ്ങളിൽ ഡി.എഫ് മെഷീൻ (പച്ചതൊണ്ട് തല്ലി ചകിരിയാക്കുന്ന യൂണിറ്റ്) സ്ഥാപിച്ചിരുന്നു. വൈക്കത്തെ 36 സംഘങ്ങളിൽ പത്ത് ഇടങ്ങളിലാണ് ചകിരി ഉൽപാദിപ്പിക്കുന്ന യൂണിറ്ര് സ്ഥാപിച്ചത്. എന്നാൽ ആവശ്യമുള്ളതിൽ പത്തു ശതമാനം ചകിരി പോലും കേരളത്തിൽ ഉത്പാദിപ്പിക്കുന്നില്ല. അതേസമയം മധ്യകേരളത്തിലെയും വടക്കൻകേരളത്തിലെയും കൂടുതൽ കയർ സംഘങ്ങളിൽ പച്ചതൊണ്ട് തല്ലി ചകിരിയാക്കുന്ന യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

തൊണ്ട് സംഭരണം

കാര്യക്ഷമമാക്കണം

നിലവിൽ മലബാർ മേഖലയിൽ മാത്രമാണ് തൊണ്ട് സംഭരണം നടക്കുന്നത്. തൊണ്ട് സംഭരണ ഏജൻസികൾക്ക് സർക്കാർ കാര്യമായ ആനുകൂല്യം നൽകാത്തതും സംഭരണത്തിന് തിരിച്ചടിയാകുന്നുണ്ട്. കുടുംബശ്രീ വഴിയുള്ള തൊണ്ട് സംഭരണവും ഫലപ്രദമല്ല.

സർക്കാർ കഴിഞ്ഞവർഷം ചകിരി ഇറക്കുമതി ശ്രമങ്ങൾ നടത്തിയെങ്കിലും പ്രാഥമിക നടപടികൾക്കുശേഷം കയർവകുപ്പ് ഇതിൽ നിന്ന് പിന്തിരിഞ്ഞു. ഇൗ സാമ്പത്തിക വർഷം ആഭ്യന്തര ചകിരി ഉത്പാദനം 50മുതൽ 60 ശതമാനം വരെ ഉയർത്താൻ വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കയർ മേഖലയിൽ നിന്ന് തൊഴിലാളികൾ വിട്ടു പോകുകയാണ്. പുതിയ തലമുറ ഇൗ തൊഴിൽ മേഖലയിലേക്ക് ആകൃഷ്ടരാകാത്തതും കയർപിരി സംഘങ്ങൾക്ക് വെല്ലുവിളിയാണ്.