tourist

കോട്ടയം : നന്നായി ചോറും കറികളും വച്ചുവിളന്പാനറിയാമോ? എങ്കിൽ വീട്ടമ്മമാരായ നിങ്ങൾക്കും വിനോദ സഞ്ചാര സംരംഭകരാകാം. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾക്ക് കേരളത്തിന്റെ നാടൻ രുചികൾ പരിചയപ്പെടുത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന 'തനത് ഭക്ഷണത്തിന്റെ രുചികൾ അനുഭവിച്ചറിയുക' (എക്സ്പീരിയൻസ് എതിനിക് കുസിൻ) എന്ന പദ്ധതിയാണ് കേരളത്തിലെ വീട്ടമ്മമാർക്ക് സംരംഭകരാകാൻ അവസരമൊരുക്കുന്നത്. കേരളീയ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിൽ നിപുണയായ വീട്ടമ്മമാരുടെ കൂട്ടായ്മയിലൂടെ തൊഴിലവസരവും ഒപ്പം വരുമാനവും കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 2,000 വീടുകളെ പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കും. തുടർന്ന് വീട്ടിൽ പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം തയ്യാറാക്കി നൽകുന്നവരുടെ ഒരു ശൃംഖല സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ച് സഞ്ചാരികൾക്ക് പരിചയപ്പെടുത്തും. പദ്ധതിയിലൂടെ 30,000 മുതൽ 50,000 വരെയുള്ള വീട്ടമ്മമാർക്ക് മൂന്ന് വർഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും.

കേരളത്തിന് ഒരു തനത് ഭക്ഷ്യ സംസ്‌കാരവും പാചക-ഭക്ഷണ രീതികളുണ്ടെന്നതും വിനോദ സഞ്ചാരികൾ നാടുകളിലെ തനത് ഭക്ഷണ ക്രമങ്ങളറിയാൻ തത്പരരാണെന്നതും പദ്ധതിയിൽ പ്രതീക്ഷയുണർത്തുന്ന പ്രധാന ഘടകങ്ങൾ.

പദ്ധതിയുടെ ഭാഗമാകാൻ

സംസ്ഥാന ടൂറിസം ‌ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഉത്തരവാ‌ദിത്ത ടൂറിസം മിഷൻ ഓഫീസിലോ ജില്ലാടൂറിസം ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ലാ ഉത്തരവാ‌ദിത്ത ടൂറിസംമിഷൻ ഓഫീസിലോ ജൂലായ് 25ന് മുന്പ് പേര് രജിസ്റ്റർ ചെയ്യാം. തുടർന്ന്, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാകോർഡിനേറ്റർമാർ അടങ്ങുന്ന സമിതി വീടുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും. തിരഞ്ഞെടുക്കപ്പെടുന്ന വീട്ടുകാരെ ഏകോപിപ്പിച്ച് പരിശീലനം നൽകും. മുതൽമുടക്ക്, തയ്യാറെടുപ്പ്, അടിസ്ഥാന സൗകര്യം തുടങ്ങിയവയിലാണ് ജില്ലാതലത്തിൽ രണ്ടുദിവസത്തെ പരിശീലനം നൽകുന്നത്. ഇങ്ങനെ പദ്ധതിയിൽ അംഗമാകുന്ന സംരംഭകരുടെ ലൊക്കേഷൻ, ഫോട്ടോ,മൊബൈൽ നന്പർ തുടങ്ങിയ വിവരങ്ങൾ കേരള ടൂറിസത്തിന്റെ ബെബ്സൈറ്രിലും മെബൈൽ ആപ്പിലും ഉൾപ്പെടുത്തും.

കേരളത്തിലെത്തുന്ന ഭൂരിഭാഗം വിദേശ സഞ്ചാരികളും തനത് ഭക്ഷണ രീതികളെക്കുറിച്ച് അറിയാൻ താല്പ്പര്യമുള്ളവാരാണ്. എന്നാൽ പാരന്പര്യഭക്ഷണരീതികളെയും വിഭവങ്ങളെയും പ്രോത്സാഹിപ്പിക്കാൻ പ്രാപ്തമായ ഒരു സംവിധാനം ഇല്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകാൻ കാരണം.

രൂപേഷ് കുമാർ

സംസ്ഥാന കോർഡിനേറ്റർ