ചങ്ങനാശ്ശേരി: കണ്ണുതെറ്റരുത്, യാത്രക്കാരോട് അത്രയേ പറയാനുള്ളൂ... ഇവിടെ അപകടം തുറിച്ചുനോക്കുകയാണ്. പെരുമ്പനച്ചി തോട്ടയ്ക്കാട് റൂട്ടിലെ പുളിയാംകുന്ന് ജംഗ്ഷൻ ഒരു പേടിസ്വപ്നമാണ്. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും അപകടം കണ്ട് തലയിൽകൈവച്ച് പോയ എത്രയെത്ര ദിവസങ്ങൾ. സമീപകാലത്ത് ഒരു വീട്ടമ്മയുടെ ജീവൻപൊലിഞ്ഞ ദാരുണസംഭവവും യാത്രക്കാർ മറന്നിട്ടില്ല. തോട്ടയ്ക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പുളിയാംകുന്ന് ജംഗ്ഷനിലേയ്ക്ക് എത്തുന്നത് കയറ്റവും വളവും പിന്നിട്ടാണ്. വളവു തിരിഞ്ഞെത്തുന്ന ഭാഗത്താണ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നിറുത്തുന്നത്. ടാറിംഗ് കഴിഞ്ഞ് വീതി കുറവുള്ള ഈ ഭാഗത്ത് ചെറിയ കാത്തിരിപ്പു കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. വാഹനം നിറുത്തിക്കഴിഞ്ഞാൽ യാത്രക്കാർ ഒന്ന് കടന്നുപോകാൻ ഏറെ പാടുപെടും. റോഡിനോടു ചേർന്നുള്ള മതിലിനും ബസിനുമിടയ്ക്ക് സ്ഥലം കുറവാണ്. ഈ വശത്ത് വാഹനങ്ങൾ പാർക്കിങ്ങും കൂടി ആയാൽ ഇതുവഴി മുമ്പോട്ടു നടന്നു നീങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ബസിൽ നിന്ന് ഇറങ്ങുന്നവരോട് ചേർന്നാണ് വാഹനം മുമ്പോട്ടു പോകുന്നതും. ബസിൽ നിന്ന് ഇറങ്ങി നടക്കുമ്പോഴാണ് വീട്ടമ്മ അതേ ബസിന്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചത്.
ബസ് സ്റ്റോപ്പ്
മാറ്റണം
അപകടം ആവർത്തിക്കാതിരിക്കാൻ വളവു തിരിയുന്ന സ്ഥലത്ത് നിന്ന് കുറച്ചു ദൂരം മാറി ബസ് സ്റ്റോപ്പ് ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.