wste

ചങ്ങനാശേരി: പരാതിയും പരിഭവവും കുന്നോളം കൂടിയിട്ടും മാലിന്യത്തിന്റെ കാര്യത്തിൽ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകില്ലെന്ന നിലപാടിലാണ് അധികൃതർ. ഉറവിട മാലിന്യ സംസ്‌കരണം, ആലപ്പുഴ മോഡൽ, ഒലീന മാലിന്യ സംസ്‌കരണം എന്നിങ്ങനെ പദ്ധതികൾ പലതുണ്ടെങ്കിലും ഫലമില്ലെന്നതാണ് സത്യം. നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം മാലിന്യം വലിച്ചെറിയരുതെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെയെല്ലാം മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് കാണുന്നത്. എന്നാൽ മാലിന്യം വൻതോതിൽ വലിച്ചെറിയുന്ന സ്ഥലങ്ങളിലൊന്നും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടില്ല. എന്നാൽ, പെരുന്ന സ്റ്റാൻഡ്, മാർക്കറ്റ്, ഫാത്തിമാപുരം, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി തുടങ്ങി പത്തോളം സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ നീക്കം കാര്യക്ഷമമായി നടക്കുന്നില്ല.

ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്നതും സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ എത്തിച്ചേരുന്നതുമായ പെരുന്ന സ്റ്റാൻഡിന്റെ അവസ്ഥ ദയനീയമാണ്. സ്റ്റാൻഡും അതിനോട് ചേർന്ന് ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പരിസരം മാലിന്യം കൊണ്ട് വീർപ്പുമുട്ടുകയാണ്. മാലിന്യം മലപോലെ കൂട്ടിയിട്ടിരിക്കുന്ന ഇവിടെ നിന്ന് ഉയരുന്ന ദുർഗന്ധം യാത്രക്കാരെ മനംമടുപ്പിക്കുന്നതാണ്.

യാത്രക്കാർക്കുള്ള കംഫർട്ട് സ്റ്റേഷന് മുമ്പിലാണ് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. മഴക്കാലമായതോടെ മാലിന്യ കൂമ്പാരത്തിൽ നിന്ന് മലിനജലം സ്റ്റാൻഡിലേക്ക് ഒഴുകി പരക്കുന്നുണ്ട്. യാത്രക്കാർ ഇതിൽ ചവിട്ടി വേണം ബസിൽ കയറാൻ. സ്ത്രീകൾക്കും കുട്ടികൾക്കും കംഫർട്ട് സ്റ്റേഷനിൽ പോകണമെങ്കിൽ അസഹനീയമായ ദുർഗന്ധം സഹിച്ച് മാലിന്യത്തിൽ ചവിട്ടിവേണം കാര്യം സാധിക്കാൻ. ആലപ്പുഴയിൽ പോകാനായി ബസ് സ്റ്റാൻ‌ഡിലെത്തുന്ന വിദേശസഞ്ചാരികളും ആകെ മനംമടുത്ത അവസ്ഥയിലാണ്. മാലിന്യത്തിന്റെ ദുർഗന്ധവും ശ്വസിച്ചുവേണം അവരും ബസ് കാത്തുനിൽക്കാൻ.

ബൈപ്പാസിലും രക്ഷയില്ല

ചങ്ങനാശേരി ബൈപ്പാസ് റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. ദീർഘദൂര യാത്രക്കാർക്ക് എം.സി റോഡിൽ ചങ്ങനാശേരിയിലെ തിരക്കൊഴിവാക്കി പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ വേണ്ടിയാണ് ബൈപ്പാസ് റോഡ് നിർമ്മിച്ചത്. എന്നാൽ ളായിക്കാട് എത്തുമ്പോൾ ഡ്രൈവർമാർ സ്റ്റിയറിങ്ങിൽ നിന്ന് കൈയെടുത്ത് മൂക്കിൽ പിടിക്കേണ്ട അവസ്ഥയാണ്. അത്രയ്ക്ക് അസഹനീയമാണ് ഗന്ധം.

ബോധവൽക്കരണം, സംസ്ക്കരണം, മാലിന്യം എറിയുന്നവരെ കാണിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം തുടങ്ങിയ പതിവ് പദ്ധതികളും വാഗ്ദാനങ്ങളും കടലാസിലുറങ്ങുന്പോൾ യാത്രക്കാർ മാലിന്യത്താൽ പൊറുതിമുട്ടുകയാണ്. മാലിന്യ സംസ്‌കരണം ചങ്ങനാശേരിയിൽ ഫലം കാണാത്തതിന്റെ പ്രധാനകാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത് അധികൃതരുടെ പിടിപ്പുകേടാണ്. തീരുമാനങ്ങളും ശിക്ഷാനടപടികളും നടപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ചങ്ങനാശേരിയിലെ മാലിന്യപ്രശ്നത്തിന് ഒരുപരിധിവരെയെങ്കിലും പരിഹാരം കാണാൻ കഴിയൂവെന്ന് അവർ പറയുന്നു.