വൈക്കം : വന്നത് സൂപ്പറായി. പിന്നീടത് ഫാസ്റ്റായി. ഒന്നിനും കൊള്ളാതായപ്പോൾ ഓർഡിനറിയുമായി. ഒന്നിരുട്ടി വെളുത്തപ്പോൾ ഓർഡിനറി വീണ്ടും സൂപ്പർ ഫാസ്റ്റായി. കഴിഞ്ഞ ദിവസം സൂപ്പർ ഫാസ്റ്റ് പിന്നേം ഓർഡിനറിയാക്കി. ആർ എസ് പി 163 ഗ്യാരേജിലിട്ട് സൂപ്പർ ഫാസ്റ്റിൽ വേണാട് ഓർഡിനറിയുടെ നിറമടിക്കുന്നു. വൈക്കം ഡിപ്പോയിൽ നടക്കുന്ന മറിമായമാണിത്.
ആകെ 43 ബസുകളും അത്രതന്നെ ഷെഡ്യൂളുകളുമുള്ള ഇവിടെ വണ്ടിയൊരെണ്ണം വഴിയിൽ കിടന്നാൽ പകരം വിടാൻ ബസില്ല. സ്‌പെയർപാർട്‌സും ടയറുമില്ല. ആലുവയിലെ റീജിയണൽ വർക്ക് ഷോപ്പിൽ നിന്നാണ് ടയർ വരേണ്ടതെങ്കിലും പുതിയത് വന്നിട്ട് നാളുകളേറെയായി. പഴയത് പഞ്ചറൊട്ടിച്ചാണ് വൈക്കത്തെ വണ്ടികൾ ഓടുന്നത്. ക്ലച്ച്, ഡിസ്‌ക് തകരാറാകുന്നത് ഏത് നിമിഷവും പ്രതീക്ഷിക്കാം. ക്ലച്ച് ഡിസ്‌ക് പുറത്തുനിന്ന് വാങ്ങാൻ 4000 മുതൽ 5000 രൂപ വരെയാകും. മെയിൻ പ്ലേറ്റിന് 3000 വരെയും. കോർപറേഷൻ അനുവദിച്ചിരിക്കുന്ന 1000 രൂപ 4 ബോൾട്ട് വാങ്ങാനേ തികയൂ.
ഡീസൽ ആഴ്ചയിൽ രണ്ട് ദിവസമാണെത്തുക. തിങ്കളും വ്യാഴവും. ബാക്കി ദിവസങ്ങളിൽ മറ്റ് ഡിപ്പോകളിൽ ചെന്നടിക്കണം. ചിലപ്പോൾ ആഴ്ചയിൽ ഒന്ന് മാത്രമാവും ഡിസൽ ടാങ്കർ എത്തുന്നത്.
ലാഭകരമായ ഡിപ്പോ, പക്ഷേ...!
സംസ്ഥാനത്തെ ലാഭകരമായ ഡിപ്പോകളിലൊന്നാണ് വൈക്കം. 670000 രൂപയാണ് ശരാശരി കളക്ഷൻ. ഒരു ബസിന് കിലോമീറ്ററിന് 17 രൂപ എന്ന കണക്കിൽ വരുമാനമുണ്ടായാൽ ലാഭകരമെന്നാണ് കോർപ്പറേഷന്റെ കാഴ്ചപ്പാട്. വൈക്കത്ത് അത് 20 രൂപ വരെയാണ്. ലാഭം നേടികൊടുക്കുമ്പോഴും ഡിപ്പോ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് തലപ്പത്തുനിന്നും നടന്നുവരുന്നതെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ കളിക്കുന്നത് സ്വകാര്യ ബസ് ഉടമകളുടെ ഇടപെടലാണെന്നാണ് ആരോപണം.
സി.പി.ഐ സമരത്തിലേക്ക്
വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർട്ടി കൂടിയായ സി.പി.ഐ. കെ.എസ്.ആർ.ടി.സി ഡിപ്പോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 18 മുതൽ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ദശദിന സത്യാഗ്രഹം നടത്താനാണ് തീരുമാനം. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.