കുറവിലങ്ങാട്: അധികൃതർക്ക് നിവേദനം നൽകിയിട്ടും വയലാ ഈസ്റ്റ് ഗവ.എൽ.പി സ്‌കൂളിലേയ്ക്ക് റോഡ് നിർമ്മിക്കാനുള്ള നടപടികൾ എങ്ങുമെത്താത്തതിനാൽ കുട്ടികളും അദ്ധ്യാപകരും ഏറെ ബുദ്ധിമുട്ടുന്നു. നാലു വരെയുള്ള ക്ലാസുകളിൽ 19 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. റോഡിൽ നിന്ന് 300 മീറ്ററിലധികം നടന്നാൽ മാത്രമേ സ്കൂളിലേയ്ക്ക് എത്താൻ കഴിയൂ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടിയാണ് വിദ്യാർത്ഥികൾ നടക്കുന്നത്. അദ്ധ്യാപകർ രാവിലെ റോഡിൽ കാത്ത് നിന്നും സ്കൂളിലേക്കും വൈകിട്ട് സ്കൂളിൽ നിന്ന് റോഡിൽ കൊണ്ടുവന്ന് ഒാട്ടോയിൽ കയറ്റി വീടുകളിലേക്ക് വിടേണ്ട സ്ഥിതിയാണ് ഉള്ളത്. റോഡിൽ നിന്നുള്ള ഒാടയും സ്കൂളിലേക്കുള്ള നടവഴിയിലാണ് എത്തുന്നത്. ഇത് കുട്ടികളിൽ പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. നടവഴിയുടെ ഇരുവശത്തും പുല്ല് വളർന്ന് നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്തുണ്ട്. സ്കൂൾ നിർമ്മാണത്തിനായി സ്വകാര്യ വ്യക്തിയാണ് സ്ഥലം നൽകിയത്.