കോട്ടയം: ബിൽതുകയിൽ നിന്ന് നഷ്ടപ്പെട്ട രണ്ടുരൂപ വീണ്ടെടുക്കാനുള്ള കെ.എസ്.ഇ.ബി യുടെ കാര്യക്ഷമതയെ എത്ര സ്തുതിച്ചാലും മതിവരില്ല.
വൈദ്യുതി ചാർജ് ഇനത്തിൽ കോടികൾ പിരിച്ചെടുക്കാനുണ്ടെന്നും അത് ബോർഡിന്റെ അനാസ്ഥയാണെന്നും 'അപവാദം' പറയുന്നവർ കോട്ടയത്തെ ജീവനക്കാരുടെ ഈ ശുഷ്കാന്തി കാണാതെ പോകരുത്. 7202 രൂപയുടെ ദ്വൈമാസബില്ലിൽ നിന്നാണ് വിലപ്പെട്ട 2 രൂപ ബോർഡിന് ലഭിക്കാതെ പോയത്. അത് വീണ്ടെടുക്കാതെ ഉറക്കം വരില്ലെന്ന് ബോദ്ധ്യപ്പെട്ട ജീവനക്കാർ ഉപഭോക്താവിന് എസ്.എം.എസ് അയച്ചുവിളിച്ചുവരുത്തി പണം ഈടാക്കി.
സംഭവം ഇങ്ങനെ: മേയ്- ജൂൺ മാസത്തെ വൈദ്യുതി ചാർജിനൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും ചേർത്ത് 7202 രൂപയുടെ ഡിമാന്റ് നോട്ടീസാണ് ഉപഭോക്താവിന് കിട്ടിയത്. കൃത്യമായ തീയതിയിൽ പിഴ കൂടാതെ പണം അടയ്ക്കണമെന്ന് നിർബന്ധമുള്ള ഉപഭോക്താവ് 7210 രൂപയുമായി കൗണ്ടറിലെത്തി. 8 രൂപ ബാക്കി നൽകാൻ ബോർഡിന്റെ പക്കൽ ചില്ലറയില്ലാത്തതുകൊണ്ടും ഉപഭോക്താവിന്റെ കൈവശം 2 രൂപ ഇല്ലാത്തതുകൊണ്ടും കാഷ്യർ നിർദ്ദേശിച്ച പ്രകാരം 7200 രൂപ അടച്ചു. കുടിശികയായ 2 രൂപ അടുത്തബില്ലിൽ ഉൾപ്പെടുത്തി അഡ്ജസ്റ്റ് ചെയ്യാമെന്നും കാഷ്യർ പറഞ്ഞു. ഉപഭോക്താവിനാണ് ബാക്കി കിട്ടാനുള്ളതെങ്കിൽ അടുത്ത ബില്ലിലേക്ക് അഡ്ജസ്റ്റ് ചെയ്യുകയെന്നൊരു കീഴ്വഴക്കം കെ.എസ്.ഇ.ബി.യിൽ പണ്ടേ ഉള്ളതാണ്. അങ്ങനെ പ്രശ്നം പരിഹരിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം മൊബൈൽ ഫോണിൽ സന്ദേശമെത്തിയത്. '15ാം തീയതിക്കകം 2 രൂപ അടച്ച് ഫ്യൂസ് ഊരൽ നടപടിയിൽ നിന്ന് ഒഴിവാകണം..' എന്നായിരുന്നു സന്ദേശം. തർക്കിക്കാനൊന്നും പോയില്ല, സന്ദേശം കിട്ടിയതിനുശേഷമുള്ള ആദ്യത്തെ പ്രവൃത്തി ദിവസമായ ഇന്നലെ രാവിലെ ആട്ടോറിക്ഷവിളിച്ച് കെ.എസ്.ഇ.ബി. ഓഫീസിൽ എത്തി പണം അടച്ച് തലയൂരി.
നാളിതുവരെ ഒരുകുടിശികയുമില്ലാത്ത തന്നോട് ഇത്രയും കടുംകൈ പ്രയോഗിക്കണമായിരുന്നോ എന്ന ഉപഭോക്താവിന്റെ സംശയത്തിന്, രണ്ട് രൂപയുടെ കുറവ് കണ്ടുപിടിച്ചതും ആരും അറിയാതെ നിങ്ങൾക്ക് സന്ദേശം ആയച്ചതും കമ്പ്യൂട്ടർ ആണെന്ന് പറഞ്ഞ് അധികൃതർ കൈമലർത്തി.