maram-kadapuzhakiveenu

ഉദയനാപുരം : തലയോലപ്പറമ്പ്‌-വൈക്കം റോഡിൽ ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം റോഡിന് കുറുകെ ഇലട്രിക്ക് ലൈനിന് മുകളിലേക്ക് മരംകടപുഴകി വീണു. സംഭവ സമയത്ത് റോഡിലൂടെ പോയ വാഹനങ്ങൾ ഉടൻ നിറുത്തിയതിനാൽ അപകടം ഒഴിവായി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന ആഞ്ഞിലി മരം റോഡിന് കുറുകെ കടപുഴകി വീഴുകയായിരുന്നു. മരത്തിന്റെ ശിഖരങ്ങൾ ഇലട്രിക്ക് ലൈനിലേക്ക് വീണതിനെ തുടർന്ന് ലൈൻകമ്പികൾ റോഡിലേക്ക് താഴ്ന്നു. ഈ സമയം റോഡിലൂടെ പോയിരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ മരം വീഴുന്ന ശബ്ദം കേട്ട് ഉടൻ നിറുത്തിയതിനാൽ ആളപായം ഒഴിവാകുകയായിരുന്നു. വൈക്കത്തുനിന്നും ഫയർ സ്​റ്റേഷൻ ഓഫീസർ എം.പി സജീവ്, അസിസ്​റ്റന്റ് സ്​റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ യൂണി​റ്റെത്തി മരം മുറിച്ചു മാ​റ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് വൈക്കം തലയോലപ്പറമ്പ് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.