വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിക്ക് മുൻപാണ് മോഷണം നടന്നതെന്ന് കരുതുന്നു. ക്ഷേത്രത്തിലെ ബലിക്കലയ്ക്കൽ പുരയിലും കൊടിമരച്ചുവട്ടിലുമുള്ള കാണിക്ക വഞ്ചികളിലെ പണമാണ് കവ‌ർന്നത്. കൊടിമര ചുവട്ടിലെ വഞ്ചി അവിടെ വച്ചുതന്നെ തകർത്ത് മോഷണം നടത്തി. കാണിക്ക വഞ്ചിയിലെ നാണയ തുട്ടുകൾ സമീപത്തായി ചിതറി കിടക്കുന്നുണ്ട്.
ബലിക്കൽ പുരയിലെ വഞ്ചി ക്ഷേത്രത്തിൽ വടക്കേ ഗോപുരത്തിന് സമീപം തകർത്ത നിലയിലാണ് കണ്ടെത്തിയത്. ഇതിനു സമീപം തന്നെ നാണയങ്ങൾ പൊതിഞ്ഞ നിലയിലുമുണ്ടായിരുന്നു. രണ്ടു കാണിക്ക വഞ്ചിയിലും ഉണ്ടായിരുന്ന നോട്ടുകൾ മാത്രമാണ് മോഷ്‌ടിക്കപ്പെട്ടതെന്ന് കരുതുന്നു. രണ്ടു വഞ്ചിക്കും സമീപം കാണ പ്പെട്ട നാണയ തുട്ടുകൾ 4800 രൂപ വരും. എല്ലാമാസവും ആദ്യത്തെ ആഴ്ച കാണിക്ക പൊട്ടിക്കാറുണ്ട്. ഇതനുസരിച്ച് കഴിഞ്ഞാഴ്ച അവസാനം കാണിക്ക എണ്ണി. തിട്ടപ്പെടുത്തിയിരുന്നു. ഇതുകൊണ്ട് തന്നെ കൂടുതൽ തുക മോഷണം പോയിരിക്കാൻ സാദ്ധ്യതയില്ല എന്നാണ് നിഗമനം.