രാമപുരം : ചക്കാമ്പുഴ-വളക്കാട്ടുകുന്ന് റോഡിൽ വീടിന് സമീപം കരിങ്കൽ ഭിത്തി ഇടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ വർഷം തടിലോറി നിയന്ത്രണംവിട്ട് സമീപത്തെ വെട്ടിക്കക്കുന്നേൽ മധുസൂദനന്റെ വീടിന് മുകളിലേയ്ക്ക് പതിച്ചിരുന്നു. അപകടത്തിന്റെ ഭീതി ഇപ്പോഴും ഇവരെ വേട്ടയാടുകയാണ്. ഇതിന് ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. മൂന്നര വർഷം മുൻപാണ് റോഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ഏറ്റെടുത്ത് വീതികൂട്ടി അന്താരാഷ്ട്ര നിലവാരത്തിൽ ടാർചെയ്തത്. റോഡിന്റെ കയറ്റം കുറയ്ക്കാതെയുള്ള അശാസ്ത്രീയ നിർമ്മാണവും, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകടങ്ങൾ തുടർക്കഥയാകാൻ കാരണം. രാമപുരത്തെ നാലമ്പല ദർശനത്തിന് ഒരുദിവസമാണ് ശേഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തുന്നത്. എത്രയും വേഗം കരിങ്കൽഭിത്തി പുനർനിർമ്മിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



അപകടം ഒഴിവാക്കണം : എൻ.സി.പി
തകർന്ന കരിങ്കൽഭിത്തി പുനർനിർമ്മിച്ച് അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ തയ്യാറാകണമെന്ന് എൻ.സി.പി രാമപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പി.ഡബ്ല്യു.ഡിയും കൺസ്ട്രക്ഷൻ കോർപറേഷനും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് എം.ആർ.രാജു അദ്ധ്യക്ഷത വഹിച്ചു.