കോട്ടയം: കാലാവസ്ഥയിലെ ചെറിയ വ്യതിയാനം പോലും കോട്ടയം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് തത്സമയം മൊബൈൽ ഫോണിൽ അറിയാം. ഫിഷറീസ് വകുപ്പ് തുടക്കം കുറിച്ച ഫിഷറീസ് വെതർ വാണിംഗ് വാട്‌സ് ആപ്പ് കൂട്ടായ്മയാണ് അനേകം മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നത്. ദുരന്തനിവാരണ അതോറിറ്റിയും ഫിഷറീസ് ഡയറക്ട്രേറ്റും നൽകുന്ന ആധികാരിക അറിയിപ്പുകളാണ് ഗ്രൂപ്പുവഴി തൊഴിലാളികൾക്ക് കൈമാറുന്നത്. ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും കൂട്ടായ്മ അംഗങ്ങളാണ്. കൂട്ടായ്മയിൽ ഇല്ലാത്തവർ ക്കും ഇവർ മുഖേന വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ, അസിസ്റ്റന്റ് ഡയറക്ടർ ആർ. ജുഗ്‌നു, വൈക്കം ഫിഷറീസ് ഇൻസ്‌പെക്ടർ നൗഷാദ് എന്നിവരാണ് ഗ്രൂപ്പ് അഡ്മിനുകൾ.