കോട്ടയം: സഭാ കേസിൽ ഇടതു പക്ഷത്തോട് അടുത്തു നിൽക്കുന്ന യാക്കോബായ വിഭാഗത്തെ കോൺഗ്രസ് പുന:സംഘടനയിൽ അർഹമായ പ്രാതിനിധ്യം നൽകി അനുനയിപ്പിക്കാൻ നീക്കം മുറുകി.
യു.ഡി.എഫ് കൺവീനറായിരുന്ന ബെന്നി ബഹന്നാൻ എം.പിയായതോടെ സ്ഥാനമൊഴിഞ്ഞാൽ യാക്കോബായ പ്രാതിനിധ്യം ഇല്ലാതാകും. ഇതു മുന്നിൽകണ്ട് യാക്കോബായ വിഭാഗം സമ്മർദ്ദ തന്ത്രവുമായി രംഗത്തെത്തി.
പാർട്ടിപുന:സംഘടനയിൽ പ്രതിനിധ്യം ഉറപ്പാക്കിയില്ലെങ്കിൽ വിശ്വാസികൾക്ക് മുമ്പിൽ മറുപടി പറയാനാകില്ലെന്ന നിലപാടുമായി യാക്കോബായ വിഭാഗത്തെ കോൺഗ്രസ് നേതാക്കളാണ് രംഗത്ത്.
സഭാ തർക്കം സമവായത്തിലൂടെ പരിഹരിക്കുന്നതിന് സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. .യാക്കോബായ വിശ്വാസികൾ ഇടതുപക്ഷത്തേക്ക് കൂടുതലായി അടുത്തു തുടങ്ങിയതിന്റെ അപകടം മണത്തറിഞ്ഞ കോൺഗ്രസ് നേതൃത്വം പാർട്ടി പുന:സംഘടനയിലൂടെ യാക്കോബായ വിശ്വാസികളെ ഒപ്പം നിർത്താനുളള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.
എറണാകുളം, കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ യാക്കോബായ വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിനും എൽ .ഡി.എഫിനും നിർണായകമാണ്. നിലവിൽ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹന്നാൻ മാത്രമാണ് യാക്കോബായ വിഭാഗത്തിൽ നിന്നും കോൺഗ്രസ് നേതൃത്വത്തിലുളള നേതാവ്. നേരത്തെ കോട്ടയം ഡി.സി.സി. പ്രസിഡന്റായിരുന്ന കുര്യൻ ജോയിയും ഇടുക്കി ഡി.സി.സി. പ്രസിഡന്റായിരുന്ന റോയി കെ. പൗലോസും, എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്ന വി.ജെ. പൗലോസും യാക്കോബായ വിഭാഗത്തിൽ നിന്നുളളവരായിരുന്നു. ഈ സാഹചര്യത്തിൽ ഈ മൂന്നു ജില്ലകളിൽ ഒരു ഡി.സി.സി. പ്രസിഡന്റ് സ്ഥാനവും കെ.പി.സി.സി.യിൽ മതിയായ പ്രതിനിധ്യവും ഉറപ്പുവരുത്തണമെന്നാണ് യാക്കോബായ വിശ്വാസികളായ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. ഇത് നൽകാനാകുന്നില്ലെങ്കിൽ ഇടതു പക്ഷത്തോടുളള വിശ്വാസികളുടെ ഒഴുക്ക് തടയാനാകില്ലെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.