കാഞ്ഞിരപ്പള്ളി : മകനുമൊത്തുള്ള സ്കൂൾ യാത്രയിലാണ് ഷാജി ആ കാഴ്ച കാണുന്നത്. മണ്ണിൽ നിന്ന് എന്തൊക്കെയോ ചികഞ്ഞെടുത്ത് ഭക്ഷിക്കുന്ന വൃദ്ധന്റെ മുഖം മനസിനെ വല്ലാതെ പിടിച്ചുലച്ചു. അടുത്തെത്തി വൃദ്ധനെ മാറോട് ചേർത്ത് മകനായി കൊണ്ടുവന്ന ഉച്ചഭക്ഷണപ്പൊതിയഴിച്ച് കൊടുക്കുമ്പോൾ ഷാജിയുടെ മനസിലൊരു ആശയം ഉദിച്ചു. 'വിശക്കുന്ന വയറിന് ഒരുപിടി ചോറ്". കാഞ്ഞിരപ്പള്ളി 26ാം മൈൽ വലിയ കുന്നത്ത് വി. എ.ഷാജി ഇന്ന് അനാഥർക്കും അശരണർക്കും അന്നദാതാവാണ്. കൂട്ടായി സുഹൃത്ത് പാറത്തോട് മുക്കാലി സ്വദേശി അൻഷാദ് ഇസ്മായിലുമുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചകളിലും വിവിധയിടങ്ങളിൽ ഇവർ എത്തിച്ചുകൊടുക്കുന്നത് നാനൂറോളം പൊതിച്ചോറുകളാണ്.
ആദ്യഘട്ടത്തിൽ ഇരുവരും പത്തുവീതം പൊതിച്ചോറുകൾ സ്വന്തം വീടുകളിൽ തയ്യാറാക്കി വഴിയോരങ്ങളിൽ കാണുന്ന അനാഥർക്കും അവശതയനുഭവിക്കുന്നവർക്കും നൽകി. പിന്നീട് ബന്ധുക്കൾ, സുഹൃത്തുക്കൾ, വ്യാപാര സ്ഥാപനം ഉടമകൾ, കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജിലെ ജീവനക്കാർ തുടങ്ങിയവർ പരിപാടിയുമായി സഹകരിച്ചു. ഇതോടെ പൊതിച്ചോറുകളുടെ എണ്ണം വർദ്ധച്ചു. കാഞ്ഞിരപ്പള്ളി ബത് ലഹേം ഭവൻ, അഞ്ചിലിപ്പ അഭയ ഭവൻ, ഇഞ്ചിയാനി സ്‌നേഹദീപം ആശ്രമം എന്നിവിടങ്ങളിൽ പൊതിച്ചോർ നൽകിവരുന്നു. വിതരണം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച മുതൽ മുണ്ടക്കയം ഓൾഡ് ഏജ് ഹോമിലും പൊതിച്ചോർ എത്തും. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ എസ്.ആൻഡ്.എസ് എന്ന സ്‌പെയർ പാർട്‌സ് കട നടത്തുകയാണ് ഷാജി.അൻഷാദ് ഇസ്മായിൽ ഹരിത കേരള മിഷൻ പദ്ധതിയുടെ പ്രചാരകനാണ്.