കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപ്പനക്കാരി പൊന്നമ്മയെ (55) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേരത്തെ ഒപ്പം താമസിച്ചിരുന്നയാൾ പൊലീസിന്റെ നിരീക്ഷണത്തിൽ.

തലയ്‌ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോ‌ർട്ടം റിപ്പോർട്ടിൽ വ്യക്‌തമായിരുന്നു. തുടർന്നാണ് കൊലപാതകം എന്ന നിലയിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. നിലവിൽ പ്രതിയെന്ന് സംശയിക്കുന്ന ആളും പൊന്നമ്മയും വർഷങ്ങളോളം ഒന്നിച്ച് കഴിഞ്ഞിരുന്നവരാണ്. അഞ്ചു മാസം മുൻപാണ് പിരിഞ്ഞത്. ഇതേച്ചൊല്ലി വാക്ക് തർക്കവും ഉണ്ടായിരുന്നു. പൊന്നമ്മയുടെ പക്കൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. പൊന്നമ്മയെ അറിയാമെന്നു പറയുന്നതല്ലാതെ പൊലീസിന്റെ ചോദ്യം ചെയ്യലുമായി ഇയാൾ സഹകരിക്കുന്നില്ല. പണം വാങ്ങിയില്ലെന്നും ഇവരുമായി പ്രശ്‌നങ്ങളില്ലെന്നുമാണ് ഇയാളുടെ നിലപാട്. സംഭവദിവസം മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നതായി ആദ്യം പറഞ്ഞെങ്കിലും പിന്നീട് മാറ്റി.

മൃതദേഹത്തിന് ഒരാഴ്‌ചയിലേറെ പഴക്കമുള്ളതിനാൽ വിരലടയാളം അടക്കമുള്ളവ ശേഖരിക്കാൻ പൊലീസ് ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ ഫോൺ കോളുകളും, സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരമാവധി ശേഖരിക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്. ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു

കൊല്ലപ്പെട്ട പൊന്നമ്മയുടെ മകൾ സൗമ്യയുടെ രക്ത സാമ്പിളുകൾ മെഡിക്കൽ കോളേജ് ആശുപത്രി ഫൊറൻസിക് വിഭാഗത്തിൽ ശേഖരിച്ചു. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്‌ക്ക് മാത്രമേ കൊല്ലപ്പെട്ടത് പൊന്നമ്മ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിനു സാധിക്കൂ.