കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി.സി.ടി.വി കാമറ വയ്‌ക്കണമെന്ന കർശന നിർദേശവുമായി പൊലീസ്. മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും സാമൂഹ്യ വിരുദ്ധരുടെ പിടിയിലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിർദ്ദേശം. സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്യാൻ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിക്കണമെന്നും, ഇതിന് സഹായം നൽകുമെന്നും പൊലീസ് വ്യക്തമാക്കുന്നു. സാമൂഹ്യവിരുദ്ധ ശല്യത്തിൽ നിന്ന് ആശുപത്രി സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് തയ്യാറാക്കിയ കത്തിലാണ് ഇതു സംബന്ധിച്ചുള്ള നിർദേശങ്ങൾ ഉള്ളത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ് തയ്യാറാക്കിയ കത്ത് ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് കൈമാറും. രോഗികളാണെന്ന വ്യാജേന ഒ.ടി ടിക്കറ്റ് സംഘടിപ്പിച്ചാണ് സാമൂഹ്യ വിരുദ്ധർ ആശുപത്രിയിൽ കടന്ന് കയറുന്നത്. പൊലീസ് പരിശോധനയ്‌ക്കായി എത്തുമ്പോൾ ഒ.പി ടിക്കറ്റ് കാട്ടിയ ശേഷം ഇവർ രക്ഷപെടുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ വിരുദ്ധരെയും കുറ്റവാളികളെയും അമർച്ച ചെയ്യാൻ ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ സഹായം തേടുന്നത്.

കത്തിലെ നിർദേശങ്ങൾ ഇങ്ങനെ

 വാർഡുകളിലും, ആശുപത്രി പരിസരത്തും കാമറകൾ സ്ഥാപിക്കുകയും നിരീക്ഷണത്തിനായി ജീവനക്കാരെ നിയോഗിക്കുകയും വേണം

 ഒ.പി ടിക്കറ്റ് കയ്യിൽ ഉണ്ടെങ്കിലും, രോഗികളോ കൂട്ടിരിപ്പുകാരോ ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം രാത്രിയിൽ ആശുപത്രിയിൽ തങ്ങാൻ അനുവദിക്കുക.

 ആശുപത്രിയിലെ വാർഡുകളിലും ഹാളുകളിലും രാത്രിയിൽ കിടക്കാനെത്തുന്ന കച്ചവടക്കാരെ പുറത്താക്കാൻ സുരക്ഷാ ജീവനക്കാർ ശ്രദ്ധിക്കണം

ദുരൂഹമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസ് എയ്‌ഡ് പോസ്റ്റിലോ, സ്റ്റേഷനിലോ വിവരം അറിയിക്കുക.

 സംശയാസ്‌പദമായ സാഹചര്യത്തിൽ കാണുന്ന ആളുകളുടെ വിവരങ്ങൾ സെക്യൂരിറ്റി ജീവനക്കാർ ശേഖരിക്കണം.

സുരക്ഷ ഉറപ്പാക്കാൻ

പൊലീസ് ഇടപെടലുണ്ടാകും

മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ഇടപെടൽ ഉണ്ടാകും. രാത്രിയിലും പകലും ആശുപത്രിയിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആശുപത്രി അധികൃതരുടെ പിൻതുണ തേടിയാണ് കത്ത് അയക്കുന്നത്.

അനൂപ് ജോസ്

എസ്.എച്ച്.ഒ

ഗാന്ധിനഗർ