പൊൻകുന്നം : പൊതുഅവധി ദിവസങ്ങളിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം 'ശാന്തിതീരം" പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച ശ്മശാനം അവധിയായിരുന്നതിനാൽ നിർദ്ധനരോഗിയുടെ മൃതദേഹവുമായി എത്തിയവർക്ക് കുമളി പഞ്ചായത്ത് ശ്മശാനത്തിലാണ് അടക്കേണ്ടി വന്നത്. ചിറക്കടവിൽ നിന്ന് ഇരിട്ടിയിൽ താമസമാക്കിയ ശേഷം വീണ്ടും നാട്ടിലെത്തിയ പൈങ്കാംകുന്നേൽ ഹരികുമാർ (58) ന്റെ മൃതദേഹമാണ് ചേപ്പുംപാറയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കാനാകാതെ കുമളിക്ക് കൊണ്ടുപോകേണ്ടി വന്നത്. 2 മാസമായി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹരികുമാർ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാവിലെ സംസ്കരിക്കാനായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ശ്മശാനം അവധിയാണെന്ന മറുപടിയാണ് ലഭിച്ചത്.
തിങ്കളാഴ്ച രാവിലെ സംസ്കരിക്കാമെന്ന് അറിയിച്ചതായും പലയിടത്തും അന്വേഷിച്ച ശേഷമാണ് കുമളിയിലേക്ക് പോയതെന്നും പഞ്ചായത്തംഗം വൈശാഖ് എസ്.നായർ പറഞ്ഞു. ചിറക്കടവിൽ ഹരികുമാറിന് ഭൂമിയില്ലാത്തതിനാലാണ് പൊതുശ്മശാനം തേടേണ്ടി വന്നത്.
അവധി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ സംസ്‌കാര നിരക്കായ നാലായിരം രൂപ ഈടാക്കി അനുമതി നൽകാൻ ആളില്ലാത്തതിനാലാണ് ഇങ്ങനെയൊരു സംഭവമുണ്ടാകാനിടയാക്കിയതെന്ന് പ്രസിഡന്റ് അഡ്വ.ജയശ്രീധർ പറഞ്ഞു. സെക്രട്ടറിയാണ് അനുമതി നൽകുന്നതും പണം കൈപ്പറ്റുന്നതും. ജനപ്രതിനിധികൾക്ക് പണം കൈപ്പറ്റാനും അനുമതി നൽകാനും അവകാശമില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയും പഞ്ചായത്തംഗവുമായ കെ.ജി കണ്ണൻ, പഞ്ചായത്തംഗം ഷാജി പാമ്പൂരി എന്നിവർ പ്രതിഷേധിച്ചു.