കോട്ടയം: ചാരായ തൊഴിലാളികളുടെ പുനർവിന്യാസം സംബന്ധിച്ച കേസിൽ സുപ്രീംകോടതി അന്തിമ വിധിപറയാനിരിക്കെ ബിവറേജസ് കോർപ്പറേഷനിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ നിറുത്തിവയ്ക്കണമെന്ന് മദ്യവ്യവസായ തൊഴിലാളി സംരക്ഷണസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

ചാരായ നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ബിവറേജസ് കോർപ്പറേഷനിലെ ഒഴിവുകളുടെ 25 ശതമാനം നിയമനം നൽകണമെന്ന് സർക്കാരുമായി നേരത്തെ ധാരണയുണ്ടായിരുന്നു. ഇത് പാലിക്കാതെ കരാർ അടിസ്ഥാനത്തിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴിയും കോർപ്പറേഷനിൽ നിരവധി നിയമനങ്ങൾ നടത്തി. കരാർ ലംഘനത്തിനെതിരെ ചാരായ തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും നിയമനം ലഭിച്ചില്ല. വീണ്ടും കരാർ നിയമനം നടത്തുന്നതിനെരെ തൊഴിലാളികൾ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേസമ്പാദിച്ചു. പിന്നീട് കോർപ്പറേഷൻ തൊഴിലാളികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതോടെ സ്റ്റേ പിൻവലിച്ചെങ്കിലും നിയമനം നടന്നില്ല. ഇത് സംബന്ധിച്ച കേസിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കാൻ വച്ചിരിക്കുകയാണ്. അതിനിടയിലും അനധികൃത നിയമനവുമായി കോർപ്പറേഷൻ മുമ്പോട്ടുപോകുന്നത് കോടതിയലക്ഷ്യവും തൊഴിലാളി ദ്രോഹവുമാണെന്ന് മദ്യവ്യവസായ തൊഴിലാളി സംരക്ഷണസമിതി പ്രസിഡന്റ് ജോമോൻ തോമസ്, സെക്രട്ടറി സി.സി. ജോൺ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.