കോട്ടയം:കെവിൻ വധക്കേസിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് അന്തിമ വാദത്തിലും ഉറപ്പിച്ച് പ്രോസിക്യൂഷൻ. കെവിനെ തട്ടിക്കൊണ്ടു പോകും മുൻപ് പ്രതികൾ റിഹേഴ്‌സൽ നടത്തിയതായും പ്രോസിക്യൂഷൻ വാദിക്കുന്നു.

ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോരുന്നതിനായി സംഭവ ദിവസം പുലർച്ചെ 2.25 നാണ് മാന്നാനത്ത് എത്തുന്നത്. ഇതിനു മുൻപ് 1.30 ന് രണ്ടു വണ്ടികളിലായി മാന്നാനത്ത് എത്തിയ സംഘം റിഹേഴ്‌സൽ നടത്തി. അധോലോക സംഘങ്ങളെ വെല്ലുന്ന രീതിയിൽ, കൃത്യമായ ആസൂത്രണം നടത്തിയ പ്രതികൾ ആറു മിനിറ്റ് കൊണ്ടാണ് അനീഷിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. എല്ലാവരും നല്ല ഉറക്കത്തിലാവുന്ന രണ്ടു മണി ആക്രമണത്തിനായി തെരഞ്ഞെടുത്തതും ഗൂഢ ലക്ഷ്യത്തോടെയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന മൂന്നു വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ചെളി ഉപയോഗിച്ച് മറച്ചിരുന്നു.

പ്രതികളായ ഷാനുവിനെയും, ഇഷാനെയും ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം ബിജു വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയിരുന്നു. മദ്യപിച്ചിരുന്ന ഇരുവരും പൊലീസീനു കൈക്കൂലി നൽകിയാണ് രക്ഷപ്പെട്ടത്. ഇക്കാര്യം പ്രതികളുടെ രഹസ്യ മൊഴിയിൽ വ്യക്തമായിരുന്നു.

100 കിലോമീറ്റർ അകലെയുള്ള ചാലിയേക്കരയിലേയ്‌ക്ക് കെവിനെ തട്ടിക്കൊണ്ടു പോയി. ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷനാണെന്നാണ് പ്രതികൾ അനീഷിനോടു പറഞ്ഞത്. നീനുവിനെ തിരിച്ച് കിട്ടിയില്ലെങ്കിൽ കെവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രോസിക്യൂഷൻ പറയുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു മൂന്ന് വാഹനങ്ങളിൽ ഇന്ധനം നിറച്ചപ്പോൾ പെട്രോൾ പമ്പിൽ പണം കൊടുത്തത് ഷാനുവാണ്. പണം നൽകാൻ മാസ്റ്റർകാർഡ് ഉപയോഗിച്ചതിനു തെളിവുണ്ട്. കോട്ടയത്തു രണ്ടു പേരെ പൊക്കാൻ പോകുന്നുവെന്നു പുറപ്പെടും മുമ്പ് ഓട്ടോക്കാരനോട് പ്രതികൾ പറഞ്ഞു. നീനുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യം പിതാവ് ചാക്കോ, വിദേശത്തായിരുന്ന മകൻ ഷാനുവിനെ അറിയിച്ചപ്പോൾ, ഡോണ്ട് വറി, ഞാൻ ചെയ്‌തോളാം എന്ന സന്ദേശം അയച്ച ഫോൺ നശിപ്പിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.സി.എസ് അജയൻ ഹാജരായി.