പാലാ: ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ നടക്കും. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അൽഫോൻസ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.ജോസ് വള്ളോംപുരയിടം, ജോ.റെക്ടർ ഫാ.ജോസഫ് മേയിക്കൽ എന്നിവർ അറിയിച്ചു. 28 നാണ് പ്രധാന തിരുനാൾ.
19 ന് രാവിലെ 10.45 ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വി.കുർബാന അർപ്പിക്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.15 മുതൽ തുടർച്ചയായി ദിവ്യബലി, വൈകിട്ട് 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം എന്നിവയുണ്ട്. മാർ ജോസഫ് കരിയിൽ, മാർ ജെയിംസ് അത്തിക്കളം, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ മാത്യു വാണിയക്കിഴക്കേൽ, മാർ ജോസ് പുളിക്കൽ, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, എന്നിവർ വിവിധ ദിവസങ്ങളിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും. 28 ന് രാവിലെ 10 ന് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും. 12 ന് തിരുനാൾ പ്രദക്ഷിണം. വൈകിട്ട് 5.30 വരെ വി.കുർബാന.