തലയോലപ്പറമ്പ്: തെരുവ് നായ അക്രമണം പതിവായതോടെ വെള്ളൂർ, മുളക്കുളം, തലയോലപ്പറമ്പ് പ്രദേശവാസികൾ ഭീതിയിൽ. തെരുവ് നായക്കൂട്ടം കഴിഞ്ഞ ദിവസം രണ്ട് ആട്ടിൻ കുട്ടികളെ കടിച്ചു കൊന്നു. അറുന്നൂറ്റിമംഗലം പാമ്പാനിയിൽ പാപ്പച്ചന്റെ ആടുകളെയാണ് കഴിഞ്ഞ രാത്രി കൊന്നത്. വീടിന് സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് നായ്ക്കൾ ആക്രമിച്ചു കൊന്നത്. അറുനൂറ്റിമംഗലത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഓട്ടോസ്റ്റാൻഡിലും ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് നേരെയും നായ്ക്കൾ ആക്രമിക്കാൻ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഏതാനും ദിവസം മുൻപ് ജാതിക്കാമലയിൽ അക്രമകാരികളായ തെരുവ് നായക്കുട്ടം നാല് ആടുകളെ കടിച്ച് കീറി കൊന്നിരുന്നു. പ്രദേശത്തെ നിരവധി ആടുകളെയും കോഴികളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇറുമ്പയം, തലപ്പാറ, വെട്ടിക്കാട്ട് മുക്ക്, തുടങ്ങിയ ഇടങ്ങളിലും നായ ശല്യം രൂക്ഷമാണ്.