ചങ്ങനാശേരി: മഹാപ്രളയത്തിൽ ഒരു മാസത്തോളം ഗതാഗതം നിലച്ച ചങ്ങനാശേരി - ആലപ്പുഴ റോഡ് പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. പ്രളയ പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 350 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണം. 24 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന 12 സ്ഥലങ്ങൾ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ഫ്ളൈ ഓവറുകൾ നിർമിക്കാനാണ് തീരുമാനം. കായലിൽനിന്ന് ചെളിവാരിയെടുത്ത് നിർമിച്ച റോഡ് കാലാന്തരത്തിൽ താഴ്ന്നതായി വിവിധ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. മണ്ണിട്ടുയർത്തി പല തവണ നിർമാണം നടത്തിയെങ്കിലും മണ്ണിന്റെ ഘടനയിലെ വ്യത്യാസംകാരണം റോഡ് താഴ്ന്നു പോകുന്നത് പതിവായിരുന്നു. ഇതോടെ വെള്ളപ്പൊക്കസമയത്ത് ഇവിടെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. പള്ളാത്തുരുത്തിപാലം പക്കി ജംഗ്ഷൻ, പള്ളാത്തുരുത്തി പണ്ടാരക്കുളം, പൊങ്ങ, നെടുമുടി പൂപ്പള്ളി ജംഗ്ഷൻ, നെടുമുടി നസ്രത്ത് ജംഗ്ഷൻ മുതൽ മങ്കൊമ്പ് പി.കൃഷ്ണപിള്ള സ്മാരകം, മങ്കൊമ്പ് ജംഗ്ഷൻ, പള്ളിക്കൂട്ടുമ്മ മുതൽ ഒന്നാംകര വരെ, മാമ്പുഴക്കരി, മനയ്ക്കച്ചിറകിടങ്ങറ,പൂവം എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കത്തിൽ ഗതാഗതതടസ്സമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ എട്ട് മുതൽ 12 വരെ ഫ്ളൈ ഓവറുകളാണ് പെതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ളത്.