manimala

കോട്ടയം : ചിലപ്പോൾ ചെറുമഴ. അല്ലെങ്കിൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത ചൂട്. മഴ കൊണ്ട് പൊറുതിമുട്ടേണ്ട കർക്കടകത്തിലും എന്താണ് ഇങ്ങനെയൊരു അന്തരീക്ഷമെന്ന് ചോദിക്കുകയാണ് ജില്ലക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ മഴ മൂന്നിലൊന്നായി കുറഞ്ഞപ്പോൾ ചൂട് 3 ഡിഗ്രിയോളം കൂടി.

പ്രളയശേഷം കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പുതിയ പ്രതിഭാസമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മൺസൂണിൽ തകർത്ത് പെയ്യേണ്ട മഴ എവിടോ പോയി ഒളിച്ചു. കണികാണാൻ പറ്റാത്ത വെയിൽ സർവസന്നാഹവുമായി എത്തി. ഇതോടെ ജില്ലയിലെ ജലാശയങ്ങളും വറ്റിത്തുടങ്ങി. വരൾച്ചാ സമയത്തെ അവസ്ഥയിലാണ് ജില്ലയിലെ പ്രധാന ആറുകൾ. മീനച്ചിലാറും മണിമലയാറും മുട്ടറ്റം പോലും വെള്ളമില്ലാതായി. കൊടുംവരൾച്ചയുടെ സൂചനയാണോയിതെന്ന ആശങ്കയിലാണ് ജനം.

 ഹോ...എന്തൊരു ചൂട് !

കഴിഞ്ഞ വർഷം ജൂലായിൽ ശരാശരി ചൂട് 29 ഡിഗ്രി സെൽഷ്യസായിരുന്നെങ്കിൽ ഇക്കുറി അത് 32ആയി. അതായത് അന്തരീക്ഷത്തിലെ താപനിലകൂടുകയും ഈർപ്പം കുറയുകയും ചെയ്യുന്നു. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് ഗൗരവതരമാണ്. അതേസമയം മഴയുടെ അളവ് തുലോംതുച്ഛമാണ്. കഴിഞ്ഞ ജൂലായ് 1 മുതൽ 16 മുതൽ 52.5 സെമി മീറ്റർ മഴയാണ് ലഭിച്ചതെങ്കിൽ ഇക്കുറി വെറും 16.4 സെ.മി ആണ്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലായ് 16വരെ 171.5 സെ.മി മഴ ലഭിച്ചപ്പോൾ ഇക്കുറി അത് 64.9 സെ.മി ആയി കുറഞ്ഞു.

സാഹചര്യം ഗുരുതരം

 പ്രളയ ശേഷം കാലാവസ്ഥയിൽ മാറ്റം

ചൂട് 3 ഡിഗ്രി വരെ കൂടി

 മഴയുടെ അളവ് മൂന്നിലൊന്നായി കുറഞ്ഞു

 മണ്ണെടുപ്പും പാറ ഖനനവും മഴകുറയാൻ കാരണം

ഈ മാസം ഉയർന്ന ചൂട് 13ന് : 34 ഡിഗ്രി

ഈ മാസം ആകെ പെയ്ത മഴ : 16.4 സെ.മി

കഴിഞ്ഞ ജൂലായിൽ പെയ്ത മഴ : 52.5 സെ.മി

'' ക്വാറികളും മരംവെട്ടിക്കളഞ്ഞതും മൂലം പശ്ചിമഘട്ടത്തിൽ വരുത്തിയ മാറ്റങ്ങളാണ് പ്രധാന പ്രശ്നം. രാത്രിയിൽ അന്തരീക്ഷം തണുക്കാനുള്ള സാഹചര്യമില്ല. കടലിൽ നിന്ന് കാറ്റ് അടിക്കുന്നില്ല. ഭൂഭാഗങ്ങളിൽ പൊടി മണ്ണ് അടിഞ്ഞതിനാൽ വെള്ളം താഴുന്നില്ല. സൂക്ഷ്മ ജീവികൾക്ക് വളരാനും കഴിയുന്നില്ല'

'- ഡോ.രാജഗോപാൽ കമ്മത്ത്, ശാസ്ത്ര നിരീക്ഷകൻ