കോട്ടയം : ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവതി കോടിമതയിലെ കെട്ടിടഉടമയെയും മൂന്നുമാസത്തെ വാടക കൊടുക്കാതെ കബളിപ്പിച്ചു. ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ.ജീസസ് മേഴ്‌സണെന്ന വ്യാജേന കാരാപ്പുഴയിൽ വാടകയ്‌ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശി മേഴ്‌സി ജോർജ് (30) നെയാണ് വെസ്റ്റ് സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഒരു വർഷം മുൻപ് ജില്ലാ ആയുർവേദ ആശുപത്രിയിൽ രോഗികളെ പരിശോധിക്കാനും, പണം പിരിക്കുന്നതിനുമായി ഒരു ഡോക്‌ടർ ശ്രമിച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. വ്യാജ ഡോക്‌ടർ ആശുപത്രിയിൽ കയറിയിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രി അധികൃതർ പൊലീസിൽ പരാതിയും നൽകി. എന്നാൽ, പിന്നീട് ഇവർ ആശുപത്രിയിലേയ്‌ക്ക് എത്താതായതോടെ കൂടുതൽ അന്വേഷണം നടത്തിയില്ല. ഇതിനിടയിൽ യുവതി തട്ടിപ്പ് ആശുപത്രിയുടെ പുറത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 11 ഓടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പുരുഷ വേഷം ധരിച്ചെത്തിയ യുവതി ശസ്ത്രക്രിയക്ക് എന്ന പേരിൽ പണപ്പിരിവ് നടത്തുന്നതായി പൊലീസിന് അജ്ഞാത സന്ദേശം ലഭിച്ചു.

സ്ഥലത്ത് എത്തിയ പിങ്ക് പൊലീസ് യുവതിയെ ചോദ്യം ചെയ്‌തു. ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡും കാട്ടി. ഇത് വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കാരാപ്പുഴയിൽ യുവതിയ്‌ക്കൊപ്പമാണ് താമസമെന്നും തനിക്ക് പുരുഷനാകണമെന്നും ഇതിനുള്ള പണം കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്നും മൊഴി നൽകി.