tree

ചങ്ങനാശേരി : ഇടിഞ്ഞു വീഴാറായ ഓടിട്ട പഴയ രണ്ടു കെട്ടിടം, ഓഫീസ് അങ്കണത്തിൽ ഏതു നിമിഷവും നിലംപതിക്കാവുന്ന കൂറ്റൻ തണൽമരങ്ങൾ... എക്‌സൈസ് ചരിത്രത്തിൽ ആദ്യമായ് നൂറുമയക്കുമരുന്നു കേസുകൾ കണ്ടുപിടിച്ച് രജിസ്റ്റർ ചെയ്യുന്ന ആദ്യ റേഞ്ച് ഓഫീസ് എന്ന പദവി നേടിയ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. ഇതുകൊണ്ടും ഇവിടത്തെ പരാധീനതകൾ തീരുന്നില്ല. പഴകിയ ബഞ്ചും മേശയുമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇടുങ്ങിയ മുറികൾ എല്ലാം ഫയലുകളും മറ്റ് സാധന സാമഗ്രികളും. ഓഫീസ് അങ്കണത്തിൽ പഴയ വാഹനങ്ങൾ തുരുമ്പെടുത്ത നിലയിലും. കെട്ടിടത്തിന്റെ പരിസരമാകട്ടെ കാടുകയറി ഇഴജന്തുക്കളുടെ താവളവുമായി.
ഒരു ദിവസം 12 ജീവനക്കാർ ഇവിടെ ഡ്യൂട്ടിയിലുണ്ട്. താലൂക്കിലെ എല്ലാ പ്രദേശത്തും ഓടിയെത്താൻ ജീവനക്കാർക്ക് കഴിയുന്നില്ല. വിശാലമായ പ്രദേശത്ത് ഇത്രയും മാത്രം ജീവനക്കാരെക്കൊണ്ട് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റേഞ്ചിന്റെ പരിധി മണിമല വരെയാണ്. ചങ്ങനാശേരി വാഴൂർ മണിമല, എസി പാലം മുതൽ ഇടിഞ്ഞില്ലം വരെ, എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലം വരെ, കിയൂർ റോഡിൽ മല്ലപ്പള്ളി ആഞ്ഞിലിത്താനം വരെ നീണ്ടു കിടക്കുന്ന വൈഡ് റേഞ്ചാണ്.

 പുതിയ കെട്ടിടം പണിയുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി മാത്രമില്ല


 മരങ്ങൾ അപകടാവസ്ഥയിൽ


റേഞ്ച് ഓഫീസ് പരിസരത്തു അപകടാവസ്ഥയിൽ നിരവധി തണൽമരങ്ങൾ നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു മരം കടപുഴകി വീണിരുന്നു. ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് മറ്റു മരങ്ങൾ. അധികൃതർക്ക് കത്ത് നല്കിയിരുന്നെങ്കിലും ഇതിനും നടപടിയില്ല. റെസ്റ്റ് ഹൗസിനു സമീപത്ത് പടുകൂറ്റൻ മരം അപകടഭീഷണി ഉയർത്തി റോഡരികിൽ നിൽക്കുന്നു.

 മതിയായ വാഹനങ്ങളില്ല


വാഹനത്തിന്റെ കുറവുമൂലം ഓഫീസർമാർ സ്വന്തം വാഹനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. റേഞ്ച് ഓഫീസിലെ ജീപ്പ് 10 വർഷം പഴക്കമുള്ളതാണ്. ഈ വണ്ടി തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. റേഞ്ച് ഓഫീസിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചാലേ പ്രവർത്തനം കാര്യക്ഷമമാകൂ. ഓഫീസിലെ ഡ്രൈവർ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയിലാണ്. മദ്യം, മയക്കുമരുന്ന് മാഫിയ സംഘങ്ങൾ വിഹരിക്കുന്ന താലൂക്കിൽ പരിശോധനയ്ക്കും മറ്റും പോകാൻ മതിയായ വാഹനങ്ങളും ജീവനക്കാരുമില്ലാതെ ബുദ്ധിമുട്ടുകയാണ് ഉദ്യോഗസ്ഥർ.